ബംഗളൂരു; മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് തിരിച്ചടി. സിഎംആർഎൽ കമ്പനിയുമായുള്ള ഇടപാടിന് മേൽ നടക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജി തള്ളുകയാണ്. പൂർണമായ വിധി പകർപ്പ് നാളെ രാവിലെ അപ്ലോഡ് ചെയ്യാമെന്നാണ് വിധി പ്രസ്താവിച്ചു കൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചത്.
ഇടക്കാല ഉത്തരവ് വരുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് കർണാടക ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അന്വേഷണത്തി നാവശ്യമായ രേഖകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് എസ്.എഫ്.ഐ.ഒയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു.
കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാർ ഓഫ് കമ്പനീസി അന്വേഷണം പ്രഖ്യാപിച്ചതിനോട് തങ്ങൾ പൂർണമായി സഹകരിച്ചിട്ടും അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനം വ്യക്തമല്ലെന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്‌സാലോജികിന്റെ അഭിഭാഷകൻ ഉന്നയിച്ചിരുന്ന വാദം.
രണ്ട് സമാന്തര അന്വേഷണങ്ങളാണോ കമ്പനിക്കെതിരെ നടക്കുന്നത് എന്ന് പോലും അറിയില്ല. അങ്ങനെയെങ്കിൽ അത് നിയമപരമായി നിലനിൽക്കില്ല. എസ്.എഫ്.ഐ.ഒ പോലെ ഒരു ഏജൻസിയിൽ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്‌സാലോജികിൻ്റെ അഭിഭാഷകൻ വാദിച്ചു.
ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിൻറെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണ ത്തിൽ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കിയിരുന്നു