ഉസ്ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം… ഇന്ന് റീ പോസ്റ്റ്മോർട്ടം…

ആലപ്പുഴ: ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്. ഇന്ന് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കും. കൊല്ലപ്പെട്ട സാവരിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം  വണ്ടാനം മെഡിക്കല്‍ കോളേജിലാണ് റീ പോസ്റ്റുമോർട്ടം നടക്കുക.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ വേറെയും മുറിവുകളുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രതി സദറുല്‍ അനം മുന്‍പും ഉപദ്രവിച്ചിരുന്നതായാണ് സംശയം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബസന്ത് റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. പെന്തില്‍മണ്ണ സ്വദേശിയായ സദറുല്‍ അനം നിലവില്‍ ഉസ്‌ബെക്കിസ്താന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികള്‍ ബുഖാറ പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി നേരത്തെയും സാവരിയയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നാണ് മൊഴി. പ്രതി പെണ്‍കുട്ടി താഴെ വീണു എന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. ഉസ്‌ബെക്കിസ്താന്റെയും ഇന്ത്യയുടെയും നയതന്ത്ര കരാര്‍ അനുസരിച്ച് പ്രതിയും ഇരയും ഇന്ത്യയില്‍ നിന്നുളളവര്‍ ആയതിനാൽ കേസ് വിട്ടുനല്‍കാന്‍ ഇന്ത്യയ്ക്ക് ആവശ്യപ്പെടാനാകും. വിചാരണയടക്കമുളള നടപടികള്‍ ഇന്ത്യയിലാകാനാണ് സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലാക്കണം എന്നാണ് ആവശ്യപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലേക്ക് എത്തിച്ച് വൈകുന്നേരം നാലുമണിക്ക് സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!