വയനാട് : ജില്ലയിലെ കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ നാലായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
അതേസമയം ദുരന്തമുഖത്ത് ഇന്ന് തിരച്ചിലിന്റെ മൂന്നാം ദിനമാണ്. സോണുകൾ തിരിച്ചുള്ള പരിശോധനയിൽ സൂചന കിട്ടിയ മൂന്നാം സോണിലും മീനാക്ഷി പുഴയിലും തിരച്ചിൽ നടത്തും. രണ്ടാം ദിനത്തിലെ പരിശോധനയിൽ കെഡാവർ നായകൾ അടയാളം കാണിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.
വിവിധ മേഖലകളിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, എൻഡിആർഎഫ്, മറ്റ് സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്. ഇടവിട്ടുള്ള മഴ തിരച്ചിലിന് പ്രതികൂലമാകുന്നുണ്ട്. സംരക്ഷണഭിത്തി തകർന്നതിനു മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളിൽ ആശങ്കയുയർത്തി. വരും മണിക്കൂറുകളിലെ മഴയുടെ കാഠിന്യമാകും രക്ഷാപ്രവർത്തനത്തിന്റെ വേഗത നിശ്ചയിക്കുക.
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി
