കുറഞ്ഞ ചെലവില്‍ ചെറു ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലേക്ക്; സ്വാതന്ത്ര്യദിനത്തില്‍ കുഞ്ഞന്‍ റോക്കറ്റ് വിക്ഷേപണവുമായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ചെലവ് കുറഞ്ഞ കുഞ്ഞന്‍ റോക്കറ്റ് ഐഎസ്ആര്‍ഒ വിക്ഷേപിക്കും. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഭാവിയില്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച് കൊണ്ടുള്ള വിക്ഷേപണത്തിന് ചെലവ് കുറഞ്ഞ ചെറുകിട ബഹിരാകാശ പേടകം (എസ്എസ്എല്‍വി) സജ്ജമായി എന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിക്കും.

‘ഓഗസ്റ്റ് 15ന് രാവിലെ 9.27നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം. എസ്എസ്എല്‍വി വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തിനാണ് വിക്ഷേപണം സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ വ്യവസായത്തിന്റെയും ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെയും പുതിയ ദൗത്യങ്ങള്‍ക്ക് ഇത് തുടക്കം കുറിക്കും’- ഐഎസ്ആര്‍ഒ വ്യക്തമാക്കി.

500 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കുന്ന, അതിവേഗം വളരുന്ന വിപണിയെ തൃപ്തിപ്പെടുത്തുന്നതിനായാണ് വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വികസിപ്പിച്ചത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന 34 മീറ്റര്‍ നീളമുള്ള റോക്കറ്റാണ് വികസിപ്പിച്ചത്. 120 ടണ്‍ ആണ് ഇതിന്റെ ലിഫ്റ്റ് ഓഫ് മാസ്. 2022 ഓഗസ്റ്റില്‍ നടന്ന ആദ്യ ദൗത്യം വിജയിച്ചില്ലെങ്കിലും 2023 ഫെബ്രുവരിയില്‍ നടന്ന രണ്ടാമത്തെ ദൗത്യം ലക്ഷ്യം കണ്ടിരുന്നു. മൂന്നാമത്തെ വിക്ഷേപണവും വിജയിച്ചാല്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച്് കൊണ്ടുള്ള വിക്ഷേപണത്തിന് ചെലവ് കുറഞ്ഞ ചെറുകിട ബഹിരാകാശ പേടകം സജ്ജമായി എന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിക്കും.

ഏജന്‍സിയുടെ ഏറ്റവും പുതിയ മൈക്രോ സാറ്റലൈറ്റായ EOS-08 വഹിച്ച് കൊണ്ടാണ് കുഞ്ഞന്‍ റോക്കറ്റ് പറന്നുയരുക. ഭൂമി നിരീക്ഷണത്തിനായാണ് ഉപഗ്രഹ വിക്ഷേപണം. ഒരു വര്‍ഷത്തെ ദൗത്യമാണ് ഉദ്ദേശിക്കുന്നത്. ഒരു മൈക്രോ സാറ്റലൈറ്റ് രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഐഎസ്ആര്‍ഒ പ്രധാനമായി ലക്ഷ്യമിടുന്നത്.

EOS-08 ന് ഏകദേശം 175.5 കിലോഗ്രാം ഭാരമുണ്ട്. ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണം, ദുരന്തം/പരിസ്ഥിതി നിരീക്ഷണം, തുടങ്ങി വിവിധ ദൗത്യങ്ങള്‍ക്കായി രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത മൂന്ന് പേലോഡുകളും വഹിച്ചാണ് റോക്കറ്റ് പറന്നുയരുക. 475 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലുള്ള ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ഉറപ്പിക്കുന്ന ഉപഗ്രഹത്തിന് ഒരു വര്‍ഷത്തെ ദൗത്യമുണ്ട്. ഇതിന് ഏകദേശം 420 W വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!