വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തു; പാക് ഉപപ്രധാനമന്ത്രി ഇസ്‍ഹാഖ് ധറിന്റെ കൊച്ചുമകൻ അറസ്റ്റിൽ, രാജിയാവശ്യപ്പെട്ട് പ്രതിഷേധം…

ഇസ്‌ലാമാബാദ്: ലഹോറിൽ രണ്ട് വിദേശ വനിതകൾ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇസ്‍ഹാഖ് ധറിന്റെ കൊച്ചുമകൻ മുഹമ്മദ് റാസ ധർ അറസ്റ്റിലായതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം ശക്തമായി. സംഭവത്തെ തുടർന്ന് ഇസ്‍ഹാഖ് ധറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രാഷ്ട്രീയ എതിരാളികളും രംഗത്തെത്തി.

വെനസ്വേലയിലും നെതർലൻഡ്സിലുമുള്ള രണ്ട് വനിതകളാണ് ജൂൺ 29-ന് ലഹോറിൽ ആക്രമണത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ ലഹോർ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്ന ഒരു ക്രിപ്‌റ്റോകറൻസി സംരംഭത്തിനിടെയാണ് മുഹമ്മദ് റാസ ധർ ഈ വനിതകളെ പരിചയപ്പെട്ടത്. തുടർന്ന് ഇവരുടെ പാക്കിസ്ഥാൻ സന്ദർശനത്തിനായി ബിസിനസ് വീസ ഒരുക്കിയതും റാസയാണെന്നാണ് പൊലീസ് കണ്ടെത്തൽ.

പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളിലൊരാളായ ഇസ്‍ഹാഖ് ധർ, ഇറാൻ–അമേരിക്ക ചർച്ചകളിൽ പാക്കിസ്ഥാന്റെ മധ്യസ്ഥ സംഘത്തിലെ അംഗമായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇറാൻ നേതാവിന്റെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിനും സൈനിക മേധാവി അസിം മുനീറിനുമൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു. അതിനിടെയാണ് കൊച്ചുമകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നത്.



 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!