തക്ഷശിലയിലെ ‘സിമന്റ് സംരക്ഷണം’ വിവാദമാകുന്നു; പാകിസ്ഥാന് യുനെസ്കോയുടെ മുന്നറിയിപ്പ്

ദക്ഷിണേഷ്യയുടെ ചരിത്ര-സാംസ്ക‌ാരിക പൈതൃകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന കേന്ദ്രങ്ങളിലൊന്നായ തക്ഷശിലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ പുരാതന നഗരത്തിലെ സംരക്ഷണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണവുമായി യുനെസ്കോ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതായി പാകിസ്‌താനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

പുരാവസ്തു സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനുള്ള യുനെസ്കോയുടെ അംഗീകൃത മാർഗനിർദേശങ്ങൾ അവഗണിച്ച് സിമന്റും മറ്റ് ആധുനിക നിർമ്മാണ സാമഗ്രികളും ഉപയോഗിച്ചതാണ് പ്രധാന വിമർശനം. ഇത്തരത്തിലുള്ള ഇടപെടലുകൾ ചരിത്രസ്മാരകങ്ങളുടെ യഥാർത്ഥ സ്വഭാവവും ആധികാരികതയും നഷ്ടപ്പെടുത്തുമെന്ന് യുനെസ്കോ ചൂണ്ടിക്കാട്ടുന്നു.

‘ചരിത്രത്തിന്റെ തനിമ നഷ്ടപ്പെടുന്നു’

തക്ഷശിലയിലെ സിർകാപ്, മോഹ്‌റ മൊറാദു എന്നീ പ്രധാന പുരാവസ്തു കേന്ദ്രങ്ങളിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് യുനെസ്കോയുടെ എതിർപ്പിന് കാരണം. ചരിത്രസ്മാരകങ്ങളുടെ യഥാർത്ഥ ഘടനയിൽ അനാവശ്യമായ മാറ്റങ്ങൾ വരുത്തിയെന്നും, ചിലയിടങ്ങളിൽ പുതിയ മതിലുകൾ നിർമിക്കുകയോ പഴയവയുടെ ഉയരം വർധിപ്പിക്കുകയോ ചെയ്തെന്നുമാണ് ആരോപണം.

ഇത്തരത്തിലുള്ള ഇടപെടലുകൾ ഉടൻ തിരുത്തിയില്ലെങ്കിൽ തക്ഷശിലയെ ‘അപകടത്തിലായ ലോക പൈതൃക സ്ഥലങ്ങളുടെ’ പട്ടികയിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകാമെന്ന് യുനെസ്കോ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ലോക പൈതൃക മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ജർമ്മനിയിലെ ഒരു പൈതൃക കേന്ദ്രത്തെ പട്ടികയിൽ നിന്ന് നീക്കിയ സംഭവവും പാക് അധികൃതരെ യുനെസ്കോ ഓർമിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

പരാതിയിൽ നിന്ന് സാങ്കേതിക പരിശോധനയിലേക്ക്

കഴിഞ്ഞ മാർച്ചിൽ തക്ഷശില സന്ദർശിച്ച ഒരാൾ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും യുനെസ്കോയുടെ പാരീസ് ആസ്ഥാനത്തുള്ള പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധിക്ക് കൈമാറിയതോടെയാണ് വിവാദം ശക്തമായത്. പുരാതന മതിലുകൾക്ക് പകരം പുതിയ നിർമ്മാണം നടത്തിയെന്നാണ് പരാതിയിൽ ആരോപിച്ചത്.

തുടർന്ന് ജൂൺ 12-ന് യുനെസ്കോ പ്രതിനിധികളും പാകിസ്ഥാന്റെ പുരാവസ്തു-സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തക്ഷശിലയിൽ സംയുക്ത സാങ്കേതിക പരിശോധന നടത്തി. പരിശോധനയ്ക്കിടെ പഞ്ചാബ് പുരാവസ്തു വകുപ്പ് തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിച്ചുകൊണ്ട് അവതരണവും നടത്തി.

ലോക പൈതൃക പദവിക്ക് തിരിച്ചടിയോ?

1980 മുതൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ തക്ഷശില പാകിസ്ഥാന്റെ സാംസ്കാരിക നയത്തിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. ഇസ്ലാമിന് മുൻപുള്ള ചരിത്രവും സിന്ധുനദീതട നാഗരികതയുമായുള്ള ബന്ധവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പാകിസ്ഥാൻ ടൂറിസം പദ്ധതികളിലും മ്യൂസിയം വികസനങ്ങളിലും തക്ഷശിലയെ പ്രധാനമായി ഉപയോഗിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഉയർന്ന വിവാദം പാകിസ്ഥാന്റെ ഭാവി ലോക പൈതൃക പദ്ധതികൾക്കും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 1997 മുതൽ യുനെസ്കോ അംഗീകാരത്തിനായി പരിഗണനയിലുള്ള 24-ലധികം പൈതൃക കേന്ദ്രങ്ങളുടെ സാധ്യതകളെയും ഇത് ബാധിക്കുമെന്നാണ് പാക് ഉദ്യോഗസ്ഥരുടെ ആശങ്ക.

ഇത് പുനർനിർമ്മാണമല്ല, സംരക്ഷണം’

അതേസമയം, എല്ലാ ആരോപണങ്ങളും പാകിസ്ഥാനിലെ പഞ്ചാബ് പുരാവസ്തു വകുപ്പ് നിഷേധിച്ചു. തകർച്ചാ ഭീഷണി നേരിടുന്ന അവശിഷ്ടങ്ങൾക്ക് ബലം നൽകാനും കൂടുതൽ നാശം ഒഴിവാക്കാനുമുള്ള സംരക്ഷണ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും, ചരിത്രസ്മാരകങ്ങൾ പുതുക്കിപ്പണിതിട്ടില്ലെന്നും വകുപ്പ് ഡയറക്ടർ ജനറൽ മാലിക് സഹീർ അബ്ബാസ് വ്യക്തമാക്കി.

ചരിത്രത്തിലെ തക്ഷശില

ഇസ്ലാമാബാദിന് വടക്കുപടിഞ്ഞാറായി ഏകദേശം 35 കിലോമീറ്റർ അകലെയുള്ള തക്ഷശില, പുരാതന ഗാന്ധാര രാജ്യത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. ബിസി ആറാം നൂറ്റാണ്ട് മുതൽ എഡി അഞ്ചാം നൂറ്റാണ്ട് വരെ വിദ്യാഭ്യാസം, വ്യാപാരം, ബൗദ്ധ സംസ്കാരം എന്നിവയുടെ പ്രധാന ആസ്ഥാനമായി ഇത് വളർന്നു. ചാണക്യൻ, ചരകൻ തുടങ്ങിയ ചരിത്രപ്രസിദ്ധരുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന തക്ഷശിലയിൽ അക്കീമെനിഡ്, മൗര്യ, ഇൻഡോ-ഗ്രീക്ക്, കുശാന, ഗുപ്ത കാലഘട്ടങ്ങളിലെ പുരാവസ്തു അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!