ജെയ്ഷെ മുഹമ്മദ് സ്ലീപ്പർ സെല്ലുമായി ബന്ധം; യുവതി ജയ്‌പൂരിൽ പിടിയിൽ; അന്വേഷണം കാണ്ഡഹാർ വിമാന ഹൈജാക്കിങ് കേസുകളിലേക്ക്

ന്യൂഡൽഹി : പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള സ്ലീപ്പർ സെല്ലുകളുമായി കൈകോർത്ത് പ്രവർത്തിച്ച യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന ജയ്‌പൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ എ.ടി.എസ് നടത്തിയ മിന്നൽ പരിശോധനയിലാണ് യുവതി പിടിയിലായത്. ‘ഖദീജ’ എന്ന വ്യാജപ്പേരിൽ അറിയപ്പെടുന്ന ബബിത ധക്കട് ആണ് അറസ്റ്റിലായത്. ഗംഗാപൂർ സ്വദേശിനിയായ ഇവർ ജയ്‌പൂരിൽ വീട്ടമ്മയായി താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ എ.ടി.എസ് കസ്റ്റഡിയിലെടുത്തത്.

ബബിതയുടെ മൊബൈൽ ഫോൺ പരിശോധിച്ച അന്വേഷണസംഘത്തിന് ഭീകരസംഘടനകളുമായുള്ള ഇവരുടെ ബന്ധത്തിന്റെ നിർണായക വിവരങ്ങൾ ലഭിച്ചു. ഫോണിലുണ്ടായിരുന്ന രണ്ട് സിം കാർഡുകളും ഫേസ്ബുക്ക് അക്കൗണ്ടും പരിശോധിച്ചപ്പോൾ വിദേശ പ്രൊഫൈലുകളുമായുള്ള ലിങ്കുകളും ആക്ഷേപകരമായ പോസ്റ്റുകളും കണ്ടെത്തി. ഇവരുടെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ ജെയ്ഷെ മുഹമ്മദിന്റെയും മറ്റ് നിരോധിത സംഘടനകളുടെയും പതാകകളും ആയുധധാരികളായ വ്യക്തികളുടെ ചിത്രങ്ങളും ഉള്ള നിരവധി അക്കൗണ്ടുകൾ ഉണ്ടായിരുന്നു.

ഇവരുടെ വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിരവധി പാകിസ്താൻ നമ്പറുകളുമായും മറ്റ് വിദേശ കോൺടാക്റ്റുകളുമായും നിരന്തരമായി നടത്തിയ ചാറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മുസ്ലീം മതപുരോഹിതനാണ്  ഫോണിലൂടെ ഇവരെ കടുത്ത തീവ്രവാദവൽക്കരണത്തിന് ഇരയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ‘അബു ഉബൈദ’ എന്ന വ്യക്തിക്ക് ഇവരെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് ധരിപ്പിച്ച മൗലവി, ഇതിന്റെ ഭാഗമായി ഖുറാൻ പാരായണം ചെയ്യാനും ഇസ്‌ലാമിക ആചാരങ്ങൾ പാലിക്കാനും ഇവരോട് നിർദ്ദേശിക്കുകയായിരുന്നു.

ഇവരെ നേപ്പാൾ, സൗദി അറേബ്യ അല്ലെങ്കിൽ യു.എ.ഇ വഴി പാകിസ്താനിലേക്ക് കടത്താൻ ഭീകരസംഘടനകൾ ആസൂത്രണം ചെയ്തിരുന്നതായും ഏജൻസികൾ സംശയിക്കുന്നു. ബബിത ധക്കടിന്റെ അറസ്റ്റോടെ മുൻകാലങ്ങളിലെ പ്രമുഖ ഭീകരാക്രമണ കേസുകളിലേക്കാണ് അന്വേഷണം നീളുന്നത്. ജെയ്ഷെ തലവൻ മസൂദ് അസഹറിന്റെ അടുത്ത അനുയായികളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് സൂചന. 1999-ലെ 814 കാണ്ഡഹാർ വിമാന ഹൈജാക്കിങ് കേസിലെ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

കൂടാതെ, 2016 നവംബർ 29-ന് ജമ്മുവിലെ ബാലിനി വിജിലുള്ള ഇന്ത്യൻ ആർമി ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണ കേസിലും ഇവർ പ്രതിപ്പട്ടികയിലുണ്ട്. ജെയ്ഷെ കമാൻഡർ ഖാരി സരാർ ആസൂത്രണം ചെയ്ത ആ ആക്രമണത്തിൽ 6 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണെന്നും എ.ടി.എസ് സൂപ്രണ്ട് മനീഷ് ത്രിപാഠി അറിയിച്ചു.

“ഈ സംഘടനകൾ ഇവരെ കടുത്ത രീതിയിൽ മസ്തിഷ്കപ്രക്ഷാളനം  ചെയ്ത് വലയിലാക്കിയതാകാനാണ് സാധ്യത. കഴിഞ്ഞ ആറേഴ് മാസമായി ഇവരെ മതപരിവർത്തനം ചെയ്യാനും ഇന്ത്യയിൽ വലിയ ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കാനും ഇവർ ശ്രമിച്ചിരുന്നു. പിടിയിലായ അക്കൗണ്ടുകൾ യഥാർത്ഥ സൂത്രധാരന്മാരുടേതാണോ എന്നും പേര് മാറ്റി പ്രവർത്തിക്കുന്ന ജെയ്ഷെ അംഗങ്ങളാണോ എന്നും ഞങ്ങൾ അന്വേഷിച്ചുവരികയാണ്. ഇവരുടെ പാക് ബന്ധം ഉറപ്പാണ്.”

യുവതിയുടെ പക്കൽ നിന്നും പിടിച്ചെടുത്ത മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധന പൂർത്തിയാകുന്നതോടെ ഭീകരവാദ ശൃംഖലയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് എ.ടി.എസ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!