ഇരു ടീമുകൾക്കും നോക്കൗട്ട് സാധ്യത; ചെക്ക് റിപ്പബ്ലിക്ക് – ദക്ഷിണാഫ്രിക്ക മത്സരം സമനിലയിൽ പിരിഞ്ഞു

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടിയ ചെക്ക് റിപ്പബ്ലിക്കിനെതിരെ അവസാന പത്ത് മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ദക്ഷിണാഫ്രിക്ക തോൽവി ഒഴിവാക്കുകയായിരുന്നു.

ആറാം മിനിറ്റിൽ അലക്സാണ്ടർ സോയ‌യുടെ പാസിൽ നിന്ന് മൈക്കൽ സാദിലെക് ഗോൾ നേടി ചെക്ക് റിപ്പബ്ലിക്കിനെ മുന്നിലെത്തിച്ചു. പ്രതിരോധത്തിലെ പിഴവാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. തുടക്കത്തിലെ ഈ ഗോൾ മത്സരത്തിന്റെ ഗതി മാറ്റിയെങ്കിലും പിന്നീട് ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് കാഴവെച്ചത്.

സമനിലയ്ക്കായി ദക്ഷിണാഫ്രിക്ക നിരന്തരം ശ്രമിച്ചപ്പോൾ, ലീഡ് ഇരട്ടിയാക്കാൻ ചെക്ക് റിപ്പബ്ലിക്കും അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഫിനിഷിംഗിലെ പിഴവുകൾ കാരണം ലഭിച്ച മികച്ച അവസരങ്ങൾ ഒന്നും ഗോളായി മാറിയില്ല.

മത്സരത്തിന്റെ 80-ാം മിനിറ്റിലാണ് നിർണായക നിമിഷം എത്തിയത്. ബോക്സിനുള്ളിൽ പാവെൽ സുൽക്കിന്റെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത തെബോഹോ മൊക്കൊയ പിഴവില്ലാതെ ലക്ഷ്യം കണ്ടതോടെ ദക്ഷിണാഫ്രിക്ക സമനില പിടിച്ചെടുത്തു.

ശേഷിക്കുന്ന സമയത്ത് വിജയഗോളിനായി ഇരുടീമുകളും ശക്തമായി ശ്രമിച്ചെങ്കിലും വല കുലുക്കാൻ കഴിഞ്ഞില്ല. സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ പോയിന്റ് വീതം നേടിയ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കക്കും നോക്കൗട്ട് സാധ്യതകൾ ഇപ്പോഴും നിലനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!