ഹവാന: ക്യൂബയുടെ പടിഞ്ഞാറൻ തീരത്തിനടുത്തുള്ള കടലിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇതുവരെ ആളപായമോ ഗുരുതര നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ക്യൂബൻ തലസ്ഥാനമായ ഹവാന ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ കെട്ടിടങ്ങൾ ഭൂചലനത്തെ തുടർന്ന് കുലുങ്ങി. അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സാധാരണയായി ഭൂചലനങ്ങൾ അപൂർവമായ ഫ്ലോറിഡയിൽ കുലുക്കം അനുഭവപ്പെട്ടത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചു.
ക്യൂബയിലെ മാന്റുവ നഗരത്തിൽ നിന്ന് ഏകദേശം 65 മൈൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഭൂനിരപ്പിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് വിദഗ്ധർ അറിയിച്ചു.
മിയാമി, ഒർലാൻഡോ, ടാമ്പ, ജാക്സൺവിൽ എന്നിവ ഉൾപ്പെടെയുള്ള ഫ്ലോറിഡയിലെ വിവിധ നഗരങ്ങളിൽ നേരിയ കുലുക്കം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ ബന്ധപ്പെട്ട ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.
