
തിരുവനന്തപുരം: 2023 മുതൽ 2025 വരെയുള്ള രണ്ടു വര്‍ഷത്തെ കാലയളവില്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ പൊലിഞ്ഞത് 7,500 ലധികം ജീവനുകള്‍. ഇതില്‍ വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെയുള്ള സമയമാണ് ഏറ്റവും അപകടം നിറഞ്ഞതെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട ‘റോഡ് അപകട വിശകലന റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നു.
ഈ കാലയളവില്‍ ഉണ്ടായ ഏകദേശം ഒരു ലക്ഷത്തോളം റോഡപകടങ്ങളിലായി 7,613 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് പ്രതിദിനം ശരാശരി 10 മരണങ്ങള്‍. മൊത്തം മരണങ്ങളുടെ 21 ശതമാനവും സംഭവിച്ചത് വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയുള്ള തിരക്കേറിയ സമയങ്ങളിലാണ്.
അതേസമയം, അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 3 മണി വരെയുള്ള സമയത്താണ് ഏറ്റവും കുറവ് അപകടങ്ങളും (2.23%) മരണങ്ങളും (1.86%) രേഖപ്പെടുത്തിയിട്ടുള്ളത്. റോഡപകടങ്ങളുടെ ഒന്നാമത്തെ കാരണം അമിത വേഗമാണ്. മൊത്തം മരണങ്ങളുടെ 46 ശതമാനവും സംഭവിച്ചത് അമിത വേഗത മൂലമാണ്.
അപകടങ്ങളുടെ എണ്ണം 2024-ലെ 48,834-ല്‍ നിന്ന് 2025-ല്‍ 49,889 ആയി ഉയര്‍ന്നപ്പോഴും, മരണസംഖ്യയില്‍ നേരിയ കുറവുണ്ടായി്. 2024-ല്‍ 3,880 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2025-ല്‍ അത് 3,733 ആയി കുറഞ്ഞു. എന്നാല്‍ പരിക്കേറ്റവരുടെ എണ്ണം 2024-ലെ 54,796-ല്‍ നിന്നും 2025-ല്‍ 56,922 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന പാതകള്‍ മലപ്പുറത്തും പാലക്കാടും ആണ്. കഴിഞ്ഞ 24 മാസത്തിനിടെ മലപ്പുറത്ത് 649 പേരും പാലക്കാട്ട് 638 പേരും അപകടങ്ങളില്‍ മരിച്ചു. കാസര്‍കോട് (172 മരണങ്ങള്‍), ഇടുക്കി (204 മരണങ്ങള്‍)എന്നീ ജില്ലകള്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന സുരക്ഷിതമായ ജില്ലകളാണ്.
അപകടങ്ങള്‍ക്ക് കാരണമായി സാധാരണഗതിയില്‍ മോശം കാലാവസ്ഥയെയാണ് കുറ്റപ്പെടുത്താറുള്ളതെങ്കിലും, ഭൂരിഭാഗം അപകടങ്ങളും (81,534) മരണങ്ങളും (5,609) നടന്നത് നല്ല തെളിഞ്ഞ കാലാവസ്ഥയിലാണെന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.
കൂടുതല്‍ മരണങ്ങള്‍ക്കും കാരണമായത് ഇരുചക്ര വാഹനങ്ങള്‍
അപകടത്തില്‍ മരിച്ച ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും(21%) 40നും 50-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് . യാത്രക്കാരുടെ കാര്യമെടുത്താല്‍ 18-25 വരെ പ്രായമുള്ള പുരുഷന്മാരും (27%), 45-60വരെ പ്രായമുള്ള സ്ത്രീകളുമാണ് (33.37%) അപകട മരണത്തില്‍ ഇരയായതില്‍ ഭൂരിഭാഗവും.
ഈ കാലയളവില്‍ 2,144 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ ഫുട്പാത്തുകളിലുണ്ടായ അപകടങ്ങളില്‍ 674 പേരാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടങ്ങളില്‍ 1,470 പേരും മരിച്ചു.
കഴിഞ്ഞ 24 മാസത്തിനിടെയുണ്ടായ മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ മൂലമാണ് 4,160 മരണങ്ങള്‍. മരിച്ച ഇരുചക്രവാഹന യാത്രക്കാരില്‍ (ഓടിച്ചവരും പിന്നിലിരുന്നവരും ഉള്‍പ്പെടെ) 655 പേര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള മടി കാരണം രണ്ട് വര്‍ഷത്തിനിടെ 116 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
