കൊൽക്കത്ത : അപ്രതീക്ഷിത തിരിച്ചടി പാർട്ടിക്കുള്ളിൽ നിന്നും നേരിട്ട ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി കളം മാറ്റിചവിട്ടാൻ നീക്കം നടത്തുന്നു. നിലവിൽ എംഎൽഎ പോലുമല്ലാത്ത മമത ബാനർജി ബംഗാൾ വിട്ട് ലോക്‌സഭയിലേക്ക് പോകുമെന്നാണ് സൂചന.
ടിഎംസി എംപിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനെ രാജിവയ്പ്പിച്ച് ബഹാറംപൂർ സീറ്റിൽ നിന്ന് മമത ജനവിധി തേടുമെന്നാണ് അഭ്യൂഹം. 2024 ലാണ് യൂസഫ് പഠാൻ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൌധരിയെ തോൽപ്പിച്ച് ലോക്സഭയിലെത്തുന്നത്.
ബംഗാളിൽ വലിയ തിരിച്ചടിയാണ് പാർട്ടിക്കുള്ളിൽ നിന്നും പോലും മമത നേരിടുന്നത്. നിലവിലെ സാഹചര്യം മുതലെടുത്ത് എം പിമാരെ റാഞ്ചാനുള്ള നീക്കം ബി ജെ പി ശക്തമാക്കിയെന്നാണ് സൂചന. അങ്ങനെയെങ്കിൽ പാർലമെൻ്റിലും തൃണമൂൽ ദുർബലമായേക്കുമെന്ന കണക്കുകൂട്ടലിലാണ് കളം മാറ്റി കളിക്കാനുള്ള മമതയുടെ പുതിയ നീക്കം.
20 എംപിമാർ പാർട്ടി വിടുമെന്നും എം പിമാർ ഉടൻ ദില്ലിയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കൊപ്പം ഇവർ ബി ജെ പി ദേശീയ അധ്യക്ഷനെ കാണുമെ ന്നാണ് പുറത്തുവരുന്ന സൂചന.
