കണ്ണൂർ : വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് സിസ്റ്റത്തെ മുഴുവൻ നശിപ്പിക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അതുകൊണ്ടുതന്നെ സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു.
കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസിൽ പിഎം ഉഷ പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുനന്നതിനിടെയാണ് ഗവർണർ ഇക്കാര്യങ്ങൾ പറഞ്ഞത്.
എന്തുവിലകൊടുത്തും കാമ്പസുകളെയും സർവകലാശാലകളെയും രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും. അല്ലെങ്കിൽ, നമുക്ക് നല്ല ഭാവി ഉണ്ടാകില്ലെന്നും ഗവർണർ പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാം, അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിർത്തിക്ക് പുറത്ത് സൂക്ഷിക്കണം. തന്റെ രാഷ്ട്രീയ ബന്ധം കാമ്പസിന്റെ അതിരുകൾക്ക് പുറത്ത് സൂക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗവർണറുടെ നിർദേശാനുസരണം മലയാളം സർവകലാശാലയിൽ കാമ്പസ് രാഷ്ട്രീയം നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ ഉത്തരവ് ചർച്ചയാകുകയും വിവാദമാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആ സർക്കുലർ പിൻവലിക്കുകയും ചെയ്തു. സർവകലാശാലകളിലും ക്യാമ്പസിലും അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും, ഇത് ലക്കഹിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നുമായിരുന്നു ആ വിവാദ ഉത്തരവ്.
