നെഹ്രു ട്രോഫി; 6 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഓഗസ്റ്റ് 30ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ആലപ്പുഴയിലെ ജനതയുടെ വൈകാരികതയോട് ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ജലോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സംസ്കാരിക ഘോഷയാത്രക്കൊടുവിൽ നാൽപ്പാലത്തിന് സമീപം നടന്ന പരിപാടിയിൽ എം.എൽ.എ പറഞ്ഞു.

ഈ ആഘോഷത്തിന്റെ ഖ്യാതിക്കൊപ്പം ആലപ്പുഴ നഗരത്തെയും ലോകപ്രശസ്തമാക്കുവാൻ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മാർച്ച് 31നകം നഗരത്തിലെ പ്രധാന കനാൽ കരകളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒരു പുതുപുത്തൻ നഗരം തന്നെ ഈ സർക്കാരിന്റെ കാലത്ത് ആലപ്പുഴയ്ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാര സ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!