സത്യമായിട്ടും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല, സ്മാർട്ട് ഫോൺ വാങ്ങിയത് തന്നെ മമ്മൂട്ടി പറഞ്ഞിട്ട്…

തിരുവനന്തപുരം : സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ ‘കറുപ്പ്’ എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. ഇപ്പോൾ, ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്ദ്രൻസിന്റെ ‘ഗൂഗിൾ പേ ചെയ്യാൻ അറിയില്ല’ എന്ന സംഭാഷണം തന്റെ യഥാർത്ഥ ജീവിതത്തിലും സത്യമാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘To be honest, I don’t know how to use Google Pay’ says Indrans

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രം കളക്ഷനിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രമാണ് ഇന്ദ്രൻസ് അഭിനയിച്ച മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രം.

‘എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല’ എന്നുള്ള സിനിമയിലെ ഇന്ദ്രൻസിന്റെ ഡയലോഗ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ അടക്കം നിരവധി പേരാണ് ഇന്ദ്രൻസിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നത്.

ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിലും തനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ദ്രൻസ്. സ്മാർട്ട് ഫോൺ വാങ്ങിയത് തന്നെ ഈ അടുത്താണെന്നും ഇന്ദ്രൻസ് പറയുന്നു. “ഇപ്പോഴും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല. സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്. മമ്മൂട്ടി സാർ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു.

ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്. എല്ലാവർക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്. അപ്പോൾ മമ്മൂട്ടി സാർ അവനോട് എന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു. ‘എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ ?’. നീ എന്താ ഫോൺ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അങ്ങനെയാണ് ഞാൻ ഫോൺ വാങ്ങിക്കുന്നത്.

എന്നാലും എനിക്കിപ്പോഴും അത് നന്നായി ഉപയോഗിക്കാൻ അറിയില്ല.” ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!