പുഷ്പ 2 ഹിന്ദി വ്യാജ പതിപ്പ് യൂട്യൂബിൽ; ഇതുവരെ കണ്ടത് 26 ലക്ഷം പേർ…

ലോകമെമ്പാടും മികച്ച മുന്നേറ്റം കാഴ്ചവെച്ച് പുഷ്പ 2 ദ് റൂൾ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് യൂട്യൂബിലെത്തി. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബിലെത്തിയത്. മിന്റു കുമാര്‍ മിന്റുരാജ് എന്റർടെയ്ൻമെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജ പതിപ്പ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനോടകം ചിത്രം യൂട്യൂബിൽ കണ്ടത്.

എട്ട് മണിക്കൂർ മുൻപാണ് ചിത്രം അപ്‌ലോഡ് ചെയ്തത്. ഈ വ്യാജ പതിപ്പിനെതിരെ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിലിന്റെ ഭാഗത്തു നിന്നും പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വ്യാജ പതിപ്പ് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം കുതിക്കുന്നിതിനിടെയാണ് വ്യാജ പതിപ്പ് യൂട്യൂബിലെത്തിയത്.

922 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ. ഇതിൽ ഭൂരിഭാഗം കളക്ഷനും നേടിയിരിക്കുന്നത് ഹിന്ദി പതിപ്പിൽ നിന്നാണ്. ഇന്നു തന്നെ ചിത്രം 1000 കോടി കടക്കുമെന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. കേരളത്തിൽ 14 കോടിയാണ് പുഷ്പയുടെ കളക്ഷൻ. അല്ലു അർ‌ജുന്റെ കേരളത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്.

പുഷ്പ ആദ്യ ഭാഗത്തിന് കേരളത്തിൽ നിന്ന് 11 കോടിയാണ് നേടാനായത്. കേരളത്തിൽ നിന്ന് മാത്രം പുഷ്പ 2 ആദ്യ ദിനം 6.35 കോടി നേടി. ഇതോടെ ഈ വർഷത്തെ കേരളത്തിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടിയ ചിത്രവും പുഷ്പ 2വായി. മമ്മൂട്ടി ചിത്രമായ ടർബോയെ മറികടന്നായിരുന്നു പുഷ്പയുടെ ഈ നേട്ടം.  ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!