ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് അഭിനന്ദനങ്ങളുമായി മകൾ വിസ്മയ. മോഹൻലാലിന്റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചേർത്തൊരുക്കിയ കോളാഷിനൊപ്പമാണ് വിസ്മയുടെ അഭിനന്ദന പോസ്റ്റ്. ‘അഭിനന്ദനങ്ങൾ അച്ഛാ… അതുല്യനായ ഒരു കലാകാരൻ എന്ന നിലയിലും അതുല്യനായ മനുഷ്യൻ എന്ന നിലയിലും അച്ഛനെ ഓർത്ത് എന്നും അഭിമാനം,’ വിസ്മയ മോഹൻലാൽ കുറിച്ചു.
ശനിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായാണ് ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകൾക്കുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിനെ തേടിയെത്തിയത്. ഫിലിപ്പീൻസ് യാത്ര കഴിഞ്ഞ് ചെന്നൈയിൽ എത്തിയ താരം നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സെറ്റിൽ ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിലായിരുന്നു.
‘48 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ കാര്യമാണ് ഈ അവാർഡ്. ഈ നിമിഷത്തെ വളരെ ഉൾപ്പുളകത്തോടെ ഞാൻ ഏറ്റുവാങ്ങുന്നു. ഒരുപാട് പേർക്ക് പ്രചോദനമാണ് ഈ അംഗീകാരം,’ മോഹൻലാൽ പറഞ്ഞു.
