ഇറാനിൽ വീണ്ടും ആക്രമണം നടത്തി അമേരിക്ക; മിസൈൽ വിക്ഷേപണ കേന്ദ്രം നശിപ്പിച്ചു…

വാഷിംഗ്ടൺ/ടെഹ്റാൻ: വെടിനിർത്തൽ നിലവിലുള്ള സാഹചര്യത്തിൽ ദക്ഷിണ ഇറാനിൽ അമേരിക്ക പരിമിത സൈനിക നടപടി നടത്തിയതായി റിപ്പോർട്ട്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ രണ്ട് ബോട്ടുകളും ബന്ദർ അബ്ബാസിലെ ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് സേന ലക്ഷ്യമിട്ടത്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ബോട്ടുകൾ തകർത്തത്.

അമേരിക്കൻ സൈനികർക്കെതിരായ സാധ്യതയുള്ള ഭീഷണി ഒഴിവാക്കാനും മേഖലയിലെ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി.

ആക്രമണത്തിന് പിന്നാലെ ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, നിലവിലുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുകയോ അതിനെ ലംഘിക്കുകയോ ചെയ്യാനുള്ള നീക്കമല്ല ഇതെന്ന് അമേരിക്കൻ അധികൃതർ ആവർത്തിച്ചു. നടപടി പരിമിതമായതും തുടർ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി.

ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുകയോ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നശിപ്പിക്കുകയോ വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യത്തിന് പിന്നാലെയാണ് പുതിയ സൈനിക നടപടി ഉണ്ടായത്.

അതേസമയം, സംഭവത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നതിൽ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുകയാണ്. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത ഉയരുന്ന സാഹചര്യത്തിൽ വരും മണിക്കൂറുകളിലെ സംഭവവികാസങ്ങൾ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!