‘ഹർദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യൻസിന്റെ ലോജിക്ക് എനിക്ക് ഇതുവരെ മനസിലായിട്ടില്ല’

കൊൽക്കത്ത: ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്കു കീഴിൽ തുടരെ മൂന്നാം സീസണിലും മുംബൈ ഇന്ത്യൻസിനു നിരാശ മാത്രമാണ് ബാക്കി. പതിവുപോലെ ക്യാപ്റ്റനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും പഞ്ഞമുണ്ടായില്ല. ഹർദിക് പാണ്ഡ‍്യയെ മുംബൈ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്തെത്തി. കൊൽക്കത്തയ്ക്കെതിരായ തോൽവിക്കു പിന്നാലെയാണ് ഒരു ചർച്ചയിൽ വോൺ ശ്രദ്ധേയ നിരീക്ഷണങ്ങൾ പങ്കിട്ടത്. ഹർദികിനെ ഒഴിവാക്കി മുൻപ് റീലിസ് ചെയ്ത ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ മുംബൈ തിരിച്ചെത്തിക്കണമെന്നു വോൺ പറയുന്നു. മുംബൈ ഒഴിവാക്കി ഹർദിക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്നും വോൺ പറയുന്നു.

‘കാണേണ്ടതൊക്കെ ഇപ്പോൾ കണ്ടിരിക്കുന്നു. മുംബൈ ഇന്ത്യൻസ് അടുത്ത സീസണിനു മുൻപായി ആദ്യം ചെയ്യേണ്ടത് ഹർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കുകയാണ്. ഹർദികിനെ മുംബൈ ഇന്ത്യൻസ് തിരികെ കൊണ്ടു വന്നതിലെ യുക്തി എനിക്കിപ്പോഴും മനസിലായിട്ടില്ല. ഗുജറാത്ത് ടൈറ്റൻസിനൊപ്പം അദ്ദേഹം മികച്ച രീതിയിലാണ് ക്യാപ്റ്റനെന്ന നിലയിൽ പ്രവർത്തിച്ചത്. മറ്റൊരു അന്തരീക്ഷത്തിൽ വ്യത്യസ്തരായ ഒരുകൂട്ടം കളിക്കാർക്കും കോച്ചിനുമൊപ്പമായിരുന്നു നേട്ടം. മുംബൈയുടെ കാര്യം വത്യസ്തമാണ്. ക്യാപ്റ്റനെന്ന നിലയിൽ തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള നിറയെ താരങ്ങൾ ഇപ്പോൾ തന്നെ ആ ടീമിലുണ്ട്. അതിലൊരാളെ മാറ്റുന്നതാണ് ഉചിതം.’

‘ഹർദികിനു പകരം കാമറൂൺ ഗ്രീനിനെ മുംബൈ തിരികെ എത്തിക്കണം. കൊൽക്കത്തയ്ക്ക് ക്യാപ്റ്റനെ ആവശ്യമുണ്ടെങ്കിൽ ഹർദികിനെ നായകനാക്കണം. അദ്ദേഹം അങ്ങോട്ടു മാറുന്നതായിരിക്കും നല്ലത്. അത് ഇരു കൂട്ടർക്കും പുതിയൊരു തുടക്കവുമാകും. അദ്ദേഹത്തിനു ക്യാപ്റ്റനായി തന്നെ ഐപിഎൽ കളിക്കണമെന്നുണ്ടെങ്കിൽ തികച്ചു വ്യത്യസ്തമായ മറ്റൊരു ടീമിലേക്ക് മാറുന്നതാകും ഉചിതം. അത് കെകെആർ ആണെങ്കിലും ഓക്കെ. കാരണം അവർ പുതിയ ക്യാപ്റ്റനെ തേടുന്നുണ്ടാകാം. അതുകൊണ്ടാണ് പറയുന്നത്. കാമറൂൺ ഗ്രീൻ നിലവിൽ കെകെആറിലുണ്ടല്ലോ. അദ്ദേഹം തിരികെ മുംബൈയിലേക്ക് പോകട്ടെ. ഹർദിക് കെകെആറിലും നായകനായി എത്തി പുതിയൊരു തുടക്കം ഇടട്ടെ’- വോൺ വ്യക്തമാക്കി.

ഹർദികിനെ പൊന്നും വില കൊടുത്ത് മുംബൈ ഇന്ത്യൻസിൽ നിന്നു എത്തിച്ച് ഗുജറാത്ത് ടൈറ്റൻസ് കന്നി വരവിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. പിന്നാലെ 2024ൽ മുംബൈ ഇന്ത്യൻസ് ഹർദികിനെ തിരികെ ടീമിലെത്തിച്ചു. കോടികളുടെ പ്രതിഫലത്തിനൊപ്പം ക്യാപ്റ്റൻ സ്ഥാനവും തനിക്കു വേണമെന്ന ഡിമാൻഡാണ് ഹർദിക് മുന്നോട്ടു വച്ചത്. ഇതിന്റെ ഭാഗമായി രോഹിത് ശർമയെ മാറ്റി ഹർദികിനെ നായകനാക്കുകയും ചെയ്തു.

എന്നാൽ പ്രതീക്ഷിച്ച പ്രകടനം ഹർദികിനു കീഴിൽ മുംബൈ ഇന്ത്യൻസിനു നടത്താനായില്ല. മൂന്ന് വർഷത്തിനിടെ ഒരു തവണ മാത്രമാണ് ഹർദികിനു കീഴിൽ മുംബൈ പ്ലേ ഓഫ് കളിച്ചത്. 2024ൽ ടീം അവസാന സ്ഥാനത്തായിരുന്നു. ഇത്തവണ ഒൻപതാം സ്ഥാനത്തുമാണ്.

നായകനായുള്ള രണ്ടാം വരവിന്റെ തുടക്കത്തിൽ രോഹിതിനെ മാറ്റിയതിന്റെ പേരിൽ ഹർദികിനെതിരെ ആരാധകർ വലിയ രീതിയിൽ എതിർപ്പ് പ്രകടപ്പിച്ചിരുന്നു. ഗ്രൗണ്ടിൽ ഇറങ്ങിയ ഹർദികിനു നേർക്ക് ആരാധകർ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി. അതിനിടെ ടീമിലെ സഹ താരങ്ങളുമായി ഹർദിക് ഒത്തുപോകാത്തതും ചർച്ചയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!