കോട്ടയത്തിന്റെ സിനിമാ ചരിത്രത്തിലെ ഒരു അധ്യായം കൂടി ഓർമയായി,  അനശ്വര തിയറ്റർ ഇനി ഭാരത് ആശുപത്രിയുടെ ഭാഗം…

കോട്ടയം : ദശാബ്ദങ്ങളായി കോട്ടയം നഗരത്തിലെ സിനിമാപ്രേമികളുടെ ഹരമായിരുന്ന, ടി.ബി റോഡിലെ ‘അനശ്വര’ തിയേറ്റർ (പഴയ രാജമഹാൽ) ഓർമ്മകളിലേക്ക് മറയുന്നു. തിയറ്ററും അനുബന്ധ ഭൂമിയും ഭാരത് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കായി വാങ്ങിയതിനെത്തുടർന്ന് തിയേറ്ററിന്റെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിച്ചു.

നഗരത്തിന്റെ സാംസ്കാരിക അടയാളങ്ങളിലൊന്നായിരുന്ന ഈ സിനിമാശാല ഇനി മുതൽ ഭാരത് ആശുപത്രിയുടെ ഭാഗമാകും.

കോട്ടയത്തിന്റെ സിനിമാ തിയേറ്റർ സംസ്കാരത്തിൽ വലിയൊരു വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് ഈ തിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യം ‘രാജമഹാൽ’ എന്ന പേരിലായിരുന്നു ഈ തിയേറ്റർ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് അത്യാധുനികമായ സൌകര്യങ്ങളോടെ, കോട്ടയത്തെ ഏറ്റവും വലിയ ജനപ്രിയ തിയേറ്ററുകളിൽ ഒന്നായി ഇത് മാറി. വലിയ ബജറ്റ് ചിത്രങ്ങളും ക്ലാസിക് സിനിമകളും കാണാൻ ചലച്ചിത്ര ആസ്വാദകർ ഇവിടെ തടിച്ചുകൂടിയിരുന്നു.

പിന്നീട് കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം നവീകരിക്കുകയും, പുതിയ മാനേജ്മെന്റിന്റെ കീഴിൽ ‘അനശ്വര’ എന്ന പേരിൽ പുനർജനിക്കുകയുമായിരുന്നു. പുത്തൻ സാങ്കേതികവിദ്യയും മികച്ച സീറ്റിംഗ് ക്രമീകരണങ്ങളും ഒരുക്കിയതോടെ രണ്ടാം വരവിലും കോട്ടയംകാരുടെ പ്രിയപ്പെട്ട സിനിമാതാവളമായി മാറാൻ അനശ്വരയ്ക്ക് കഴിഞ്ഞു.

മൾട്ടിപ്ലക്സുകളുടെ കടന്നുകയറ്റവും കോവിഡ് പ്രതിസന്ധിയും സിനിമാ വ്യവസായത്തെയാകെ ഉലച്ചപ്പോൾ സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ വലിയ പ്രതിസന്ധിയിലായിരുന്നു. അതിനിടയിലാണ് ഭാരതിൻ്റ സംരംഭത്തിനായി ഈ സ്ഥലം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചത്.
കൈമാറ്റം ഔദ്യോഗികമായി പൂർത്തിയായതോടെ തിയേറ്ററിലെ പ്രദർശനങ്ങൾ അവസാനിപ്പിക്കുകയും സിനിമാ ഉപകരണങ്ങൾ മാറ്റുകയും ചെയ്തു. കെട്ടിടം വൈകാതെ തന്നെ മറ്റ് ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യപ്പെടും.

കോട്ടയം നഗരത്തിലെ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ഒട്ടനവധി സിനിമാ ഓർമ്മകൾ സമ്മാനിച്ച ഇടമാണ് അനശ്വര തിയേറ്റർ. റിലീസ് ചിത്രങ്ങളുടെ ആദ്യദിന ആഘോഷങ്ങളും, കയ്യടികളും, ബഹളങ്ങളും നിറഞ്ഞ ആ സിനിമാശാല ഇനി ചരിത്രത്തിന്റെ ഭാഗം മാത്രമാണ്.

അനശ്വരയ്ക്ക് മുൻപ് കോട്ടയത്തെ സ്റ്റാർ, പദ്മ തുടങ്ങിയ പ്രമുഖ സിംഗിൾ സ്ക്രീൻ തിയേറ്ററുകളും സമാനമായ രീതിയിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. നഗര ഹൃദയത്തിലെ ഒരു വലിയ വിനോദകേന്ദ്രം കൂടി ഇല്ലാതാകുന്നതിന്റെ നിരാശയിലാണ് കോട്ടയത്തെ സിനിമാ ആസ്വാദകർ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!