ഇടുക്കി : യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്ന് സിപിഎം നേതാവ് എം.എം. മണി. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് വോട്ടർമാരെയും പ്രതിപക്ഷത്തെയും വിമർശിച്ച് എം.എം. മണി രംഗത്തെത്തിയത്. എല്ലാം മണ്ടന്മാരാണ്, തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയാണ് യുഡിഎഫ്. അവരെ കുറിച്ച് കൂടുതൽ എന്തുപറയാനാണെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങൾ ഇത്തരത്തിൽ ചിന്തിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും പിന്നിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയപ്പെട്ടെ ങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെയും എം.എം. മണി പരിഹസിച്ചു. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാര വടംവലിയാണ് ഇപ്പോൾ അവിടെ നടക്കുന്നതെന്നും ജനങ്ങൾ വിഡ്ഢികളായതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ജനങ്ങളുടെ നിലപാടിൽ മാറ്റം വന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് മണി ഊന്നിപ്പറഞ്ഞു. പാർട്ടിയുടെ നയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതിൽ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസ് ചരിത്രവിജയം നേടിയതോടെ മന്ത്രിമാരുടെ തിരഞ്ഞെടുപ്പ് ഏറെ പ്രയാസകരമാകും. മുഖ്യമന്ത്രി ആരാകുമെന്നത് മറ്റ് മന്ത്രിമാരുടെ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്ന ഘടകമാണ്. സാമുദായിക സന്തുലനവും വനിത, പിന്നാക്ക വിഭാഗ, ജില്ലാ പ്രാതിനിധ്യമൊക്കെ ഉറപ്പാക്കിവേണം മന്ത്രിമാരെ തിരഞ്ഞെടുക്കാൻ.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഭാവികമായും മന്ത്രിസഭയിലെത്തും. കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കപ്പെടും. ഷാനിമോൾ ഉസ്മാനോ, ബിന്ദു കൃഷ്ണയോ വനിതാ പ്രാതിനിധ്യമായി കടന്നുവരാം. എ.പി. അനിൽകുമാർ, എം. ലിജു, വി.ടി. ബൽറാം, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, എൻ. ശക്തൻ, മാത്യു കുഴൽനാടൻ, ടി.ജെ. വിനോദ്, എം. വിൻസെന്റ്, കെ. ജയന്ത് എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെമുമ്പാകെ എത്തും. ഇവരിൽനിന്നാകും സ്പീക്കറെയും കണ്ടെത്തുക.
മുസ്‌ലിം ലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്കുപുറമേ പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് ഉയരും.
കേരള കോൺഗ്രസിൽനിന്ന് മോൻസ് ജോസഫ് മന്ത്രിയാകാനാണ് കൂടുതൽ സാധ്യത. ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ തോമസ് ഉണ്ണിയാടൻ ആ സ്ഥാനത്ത് വന്നേക്കും. ആർ.എസ്.പി.യിൽനിന്ന് ഷിബു ബേബി ജോണും കേരള കോൺഗ്രസ് ജേക്കബിൽനിന്ന് അനൂപ് ജേക്കബും സി.എം.പി.യിൽനിന്ന് സി.പി. ജോണും മന്ത്രിമാരാകും.
