തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈമാസം 10ന് ശേഷം. എഐസിസി നിരീക്ഷകര്‍ എത്തി എംഎല്‍എമാരെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും. ഡല്‍ഹിയില്‍ നിന്ന് തീരുമാനം വന്നശേഷമെ സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കൂ. വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താനാണ് ആലോചന.
സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാവുമെന്നാണ് വിവരം. സണ്ണി ജോസഫ് ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, എന്‍. ശക്തന്‍ എന്നീ സീനിയര്‍ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ പി.സി. വിഷ്ണുനാഥ് , എ. പി. അനില്‍കുമാര്‍, എന്നിവരും മന്ത്രിമാരായേക്കും. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനും എറണാകുളത്തുനിന്ന് മാത്യു കുഴല്‍നാടനും സാധ്യതയുണ്ട്. ലത്തീന്‍ പ്രതിനിധിയായി ടി.ജെ. വിനോദോ എം. വിന്‍സെന്റോ വരും. ബിന്ദു കൃഷ്ണയും, ഷാനിമോള്‍ ഉസ്മാനും മന്ത്രി സാധ്യതാ പട്ടികയിലുണ്ട്. ടി. സിദ്ദിഖും സാധ്യത പട്ടികയില്‍. സിപിഐഎം വിട്ടുവന്ന നേതാക്കളെ തല്‍ക്കാലം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ല. ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനും കോണ്‍ഗ്രസില്‍ ആലോചനയുണ്ട്. അതേസമയം, രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നീക്കം.
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം…
