‘മുഖ്യമന്ത്രി ബംഗാളിൽ പ്രചാരണത്തിന് പോകാത്തത് എന്തുകൊണ്ട്?… മുരളീധരന് മറുപടിയുമായി എം എ ബേബി

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തെങ്കിലും തോന്നും എന്നതുകൊണ്ടാണെന്നുള്ള കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.

പിണറായി വിജയൻ ബംഗാളിൽ പ്രചാരണത്തിന് പോകാത്തത് തിമിര ശസ്ത്രക്രിയ ഉള്ളതുകൊണ്ടാണെന്ന് എം എ ബേബി പറഞ്ഞു. തിരക്കുകളെ തുടർന്ന് ഏറെ നാളായി ശസ്ത്രക്രിയ മാറ്റിവെയ്ക്കുകയായിരുന്നു. ടെസ്റ്റുകൾ അടക്കം നടത്തേണ്ടതുണ്ടെന്നും എം എ ബേബി പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു എം എ ബേബി.

മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു കെ മുരളീധരൻ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചത്. പിണറായി വിജയന് ബംഗാളിൽ പോകുന്നതിന് തടസ്സമില്ലെന്നും അവിടെ കോൺഗ്രസുമായി സഖ്യമില്ലല്ലോയെന്നും കെ മുരളീധരൻ ചോദിച്ചിരുന്നു. തമിഴ്‌നാട്ടിൽ തങ്ങളുമായി സഖ്യമുള്ളതിനാൽ അവിടെ പോകാൻ അദ്ദേഹത്തിന് പ്രയാസമുണ്ടാകും. ബംഗാളിൽ പോകാൻ ഒരു തടസ്സവുമില്ല. ബംഗാളിൽ പോയാൽ മോദിക്ക് വല്ലതും തോന്നുമോ എന്നതുകൊണ്ടാകാം പോകാത്തതെന്നും മുരളീധരൻ പറഞ്ഞു.

കേരളം കഴിഞ്ഞാൽ സിപിഐഎം ഏറ്റവും അധികം മത്സരിക്കുന്നത് ബംഗാളിലാണ്. ബാക്കിയുള്ള ഇടങ്ങളിൽ അഞ്ചും രണ്ടും സീറ്റിലൊക്കെയേ മത്സരിക്കുന്നുള്ളൂ. ആ നിലയ്ക്ക് പിണറായി വിജയൻ ബംഗാളിൽ പോകേണ്ടതാണ്. എന്താണ് പോകാത്തത് എന്ന് അറിയില്ലെന്നും പോയില്ലെങ്കിൽ അതിനർത്ഥം മോദിയെ പ്രയാസപ്പെടുത്തേണ്ട എന്ന ധാരണകൊണ്ടാകാം എന്നും മുരളീധരൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!