കൊച്ചി ലഹരി കേസ്… കെവിന് മയക്കുമരുന്ന് എത്തിച്ചിരുന്നത് തിരുവല്ല സ്വദേശിനി ഗീതു…

കൊച്ചിയിലെ ഡ്രഗ് ഡീലർ കെവിൻ പിടിയിലായ കേസിൽ വൻ വഴിത്തിരിവ്. ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം ചെയ്യുന്ന തിരുവല്ല സ്വദേശി ഗീതുവാണ് തനിക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള കെമിക്കൽ ഡ്രഗ്‌സുകൾ എത്തിച്ചു നൽകുന്നതെന്ന് കെവിൻ പൊലീസിന് മൊഴി നൽകി. ഇതോടെ ഗീതുവിനെയും സംഘത്തെയും പിടികൂടാനായി അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവിൽ നിന്നും ഗീതു ലഹരിമരുന്ന് തൊടുപുഴയിൽ എത്തിച്ചു നൽകും. അവിടെയെത്തിയാണ് കെവിൻ സാധനം കൈപ്പറ്റുന്നത്. കൂടുതൽ പണം സമ്പാദിക്കാനാണ് താൻ ഈ മേഖലയിലേക്ക് കടന്നതെന്നും കെവിൻ സമ്മതിച്ചു. കെവിൻ പിടിയിലാകുന്നതിന് തൊട്ടുമുൻപ് ഗീതുവുമായി രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു വരികയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉന്നതർക്ക് താൻ ലഹരിമരുന്ന് കൈമാറിയിരുന്നതായി കെവിൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരുവിന് പുറമെ ഡൽഹിയിലും കെവിന് ഇടപാടുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ലഹരി മാഫിയയുടെ വേരറുക്കാനാണ് കൊച്ചി പൊലീസിന്റെ നീക്കം. ഗീതുവിന്റെ സംഘത്തിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!