കോട്ടയം : മിൽമ പാൽ വില വർദ്ധിപ്പിച്ചാലും ക്ഷീരകർഷകർക്ക് ദുരിതം തീരുന്നില്ല.കന്നുകാലികളെ തീറ്റിപ്പോറ്റുന്നതിനും പരിപാലിക്കുന്നതിലുമുള്ള പ്രതിസന്ധി മൂലം ജില്ലയിലെ ക്ഷീരകർഷകർ ഈ മേഖലയോട് വിടപറയുകയാണ്..
വിരലിലെണ്ണാവുന്ന വീടുകളിൽ മാത്രമാണ് കന്നുകാലി വളർത്തൽ. ഒരു ലിറ്റർ പാലിന് 10 രൂപ വർദ്ധിപ്പിച്ചിരുന്നെങ്കിൽ ചെറുകിട കർഷകർക്ക് ആശ്വാസമാകുമായിരുന്നു.
ആറു രൂപ വരെ വർദ്ധിപ്പിക്കണമെന്ന മിൽമയുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. വർദ്ധിപ്പിക്കുന്ന തുകയുടെ 80 ശതമാനത്തോളം തുക കർഷകനെന്നാണ് അറിയിച്ചിരിക്കുന്നത്.
ശരാശരി 10 ലിറ്റർ പാൽ വിൽക്കുന്ന കർഷകന് അധികമായി ലഭിക്കുക 35 രൂപയിൽ താഴെ മാത്രം. കാലിവളർത്തലുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളിലും കുറഞ്ഞ് 30, 50 ശതമാനം വർദ്ധനയുണ്ടെന്നിരിക്കേയാണ് നാല് വർഷത്തിനു ശേഷം ഒരു ലിറ്റർ പാലിന് നാലു രൂപ കൂട്ടിയതെന്ന് കർഷകർ പറയുന്നു.
ഒരാഴ്ച മുൻപാണ് കാലിത്തീറ്റ വില കമ്പനികൾ വർദ്ധിപ്പിച്ചത്. ക്ഷീര കർഷകർ ഏറ്റവും കൂടുതൽ വാങ്ങുന്ന സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റ വില 40 രൂപ വർദ്ധിപ്പിച്ച് 1540 രൂപയായി.
