ബാഗ്ദാദ്: ജോർദാനിൽ ഉണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുന്നത് തുടർന്ന് അമേരിക്ക. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിൽ നടത്തിയ വ്യോമാക്രമണത്തിൽ ഭീകര നേതാവിനെ ഉൾപ്പെടെ വധിച്ചു. വരും ദിവസങ്ങൡലും ഭീകരരെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
രാവിലെയോടെയായിരുന്നു സംഭവം. കത്തൈബ് ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ വിസ്സാം മുഹമ്മദ് അബു ബക്കർ അൽ സാദിയും ഇയാളുടെ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറിനെ ലക്ഷ്യമിട്ട് അമേരിക്കയുടെ ഡ്രോണുകൾ പാഞ്ഞടുക്കുകയായിരുന്നു.
കത്തൈബ് ഹിസ്ബുള്ളയുടെ സിറിയ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം അൽ സാദിയുടെ നേതൃത്വത്തിലാണ്. വ്യോമാക്രമണത്തിന്റെ വിവരം അമേരിക്കയാണ് പുറത്തുവിട്ടത്. ജോർദാനിലെ സൈനിക കേന്ദ്രം ആക്രമിച്ച സംഘത്തിൽ കത്തൈബ് ഹിസ്ബുള്ളയും ഉണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിറിയയിലെയും ഇറാഖിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരെ വധിച്ചിരിക്കുന്നത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
കഴിഞ്ഞ മാസമായിരുന്നു ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ സംഘം ആക്രമിച്ചത്. ഇതിൽ നിരവധി സൈനികർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.