നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ.എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജ് മൂന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് തലശേരി സെഷന്‍സ് കോടതി. എന്നാല്‍ കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കെ ടി സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി നാലിന്റെതാണ് വിധി. നിതിന്‍ രാജിന്റെ മരണത്തിന്റെ പതിനാറാമത്തെ ദിനമാണ് വിധി വന്നിരിക്കുന്നത്.

ഡോ എം കെ റാം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ജാതി അധിക്ഷേപം എന്ന വാദം നിലനില്‍ക്കുമെന്നും രണ്ടാം പ്രതിയുടെ ജാമ്യത്തില്‍ വിധി പരിശോധിച്ച ശേഷം പ്രതികരിക്കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. റാം ഒബിസി വിഭാഗക്കാരനാണ്. ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നത് കുടുംബവുമായി ആലോചിച്ച ശേഷമെന്നും പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ വ്യക്തമാക്കി. ദന്തല്‍ കോളജ് അധ്യാപകരായ ഡോ. എം കെ റാം, സംഗീത നമ്പ്യാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ജാതി അധിക്ഷേപം എന്ന വകുപ്പ് ഒഴിവാക്കാന്‍ ഡോക്ടര്‍ റാം പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയെന്നും അങ്ങനയല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രൊസിക്യൂട്ടര്‍ പറഞ്ഞിരുന്നു. തലശ്ശേരി കോടതിയിലാണ് വിശദമായ വാദം പൂര്‍ത്തിയായത്. പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്.

വേണ്ടി ഡോക്ടര്‍ റാം താനൊരു എസ്‌സി വിഭാഗത്തിലാണെന്ന് തെളിയിക്കുന്ന രേഖ ഹര്‍ജിയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കര്‍ണാടകയില്‍, റാം ജനിച്ചത് ഒബിസി വിഭാഗത്തിലാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി പബ്ലിക് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്, അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നത്.

നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം നിതിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിന്നത്. എന്നാല്‍ സംഭവത്തില്‍ അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി ചക്കരക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!