‘പാകിസ്ഥാന്റെ ലോക സമാധാന ശ്രമം ഗംഭീരം’! പുകഴ്ത്തി അടുത്ത പുലിവാൽ പിടിച്ച് ഷഹീൻ അഫ്രീദി

ലാഹോർ: സമൂഹ മാധ്യമത്തിലൂടെ പാകിസ്ഥാൻ പ്രധാനമന്ത്രിയേയും സുരക്ഷാ മേധാവിയേയും പ്രശംസിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ പാക് സൂപ്പർ പേസർ ഷഹീൻ അഫ്രീദിക്കെതിരെ വ്യാപക വിമർശനം. യുഎസ്- ഇറാൻ വെടിനിർത്തലിനു മധ്യസ്ഥത വഹിച്ചതിനു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനേയും ഫീൽഡ് മാർഷൽ അസിം മുനീറിനേയും ഷഹീൻ പ്രശംസിച്ചതാണ് വിമർശനത്തിനിടയാക്കിയത്.

രാഷ്ട്രീയ പ്രസ്താവന നടത്തിയ ഷഹീൻ അഫ്രീദിക്കെതിരെ പാക് ക്രിക്കറ്റ് ബോർഡ് നടപടിയെടുക്കുമോ എന്നു ആരാധകർ ചോദിക്കുന്നു. പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസിനെ വിമർശിച്ചതിന്റെ പേരിൽ മറ്റൊരു പാക് പേസറായ നസീം ഷായ്ക്കെതിരെ പിസിബി 2 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാക് ആരാധകർ കടുത്ത വിമർശനം ഉന്നയിച്ചത്. അതേസമയം ഷഹീൻ അഫ്രീദിയുടെ പോസ്റ്റിനെക്കുറിച്ച് പാക് ബോർഡ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

‘ലോക സമാധാനത്തിനു പാകിസ്ഥാൻ നേതൃത്വം നൽകുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറും ചർച്ചകൾക്കും സ്ഥിരതയ്ക്കുമായി സമ്മർദ്ദം ചെലുത്തുന്നത് പ്രത്സാഹനം അർഹിക്കുന്നു. വെടിനിർത്തൽ മാനവികതയുടെ വിജയമാണ്. പാകിസ്ഥാൻ പ്രത്യാശയിലേക്കും ഐക്യത്തിലേക്കും ശാശ്വത സമാധാനത്തിലേക്കും വഴി തുറക്കുന്നു. ‍ഞാൻ അഭിമാനിയായ ഒരു പാകിസ്ഥാനിയാണ്. പാകിസ്ഥാൻ സിന്ദാബാദ്’- ഷഹീൻ കുറിച്ചു. ഈ കുറിപ്പാണ് വിമർശനത്തിലേക്ക് നയിച്ചത്.

പിഎസ്എല്ലിൽ ലാഹോർ ക്വാലൻഡേഴ്സ് നായകനാണ് ഷഹീൻ. ഈയടുത്ത് താരത്തിനു 10 ലക്ഷം പാകിസ്ഥാൻ രൂപ പിഴ ചുമത്തിയിരുന്നു. വിലക്ക് ലംഘിച്ച് ടീമിന്റെ ഹോട്ടൽ മുറിയിൽ അതിഥികളെ താമസിപ്പിച്ചതിനാണ് ശിക്ഷ കിട്ടിയത്. മാർച്ച് 28നു രാത്രി 11നു ശേഷം സിംബാബ്‍വെ താരം സിക്കന്ദർ റാസയ്ക്കൊപ്പമാണ് ഷഹീൻ നാല് പേരെ കൂട്ടി ഹോട്ടൽ മുറിയിൽ എത്തിയത്.

അതിഥികളെ കൊണ്ടു വരരുതെന്നു അധികൃതർ വിലക്കിയെങ്കിലും ഇരുവരും അതു ഗൗനിച്ചില്ല. പുലർച്ചെ ഒന്നര വരെ അതിഥികൾക്കൊപ്പം മുറിയിൽ ഇരുവരും സമയം ചെലവിടുകയും ചെയ്തു. തുടർന്നു ഹോട്ടൽ അധികൃതർ ലാഹോർ കലന്തേഴ്സ് ഫ്രാഞ്ചൈസിയേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നാലെയാണ് താരം അച്ചടക്ക നടപടി നേരിട്ടത്. ഈ വിവാദം തീരും മുൻപാണ് ഷഹീൻ അടുത്ത പുലിവാൽ പിടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!