പാമ്പാടി (കോട്ടയം) : കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്‌നമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതുപ്പള്ളിയിലെ യുഡിഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പാമ്പാടിയിൽ നടന്ന പൊതുസമ്മേളന ത്തിലാണ് തന്റെ സ്വപ്‌നം പ്രവർത്തകരോട് രാഹുൽ പറഞ്ഞത്.
ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിൽ ചുമതലയേൽക്കുന്നത് താൻ സ്വപ്‌നം കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വനിത മുഖ്യമന്ത്രിമാരുടെ കാര്യം പറഞ്ഞപ്പോൾ ആവേശമില്ലാതെ കയ്യടിച്ച പുരുഷപ്രവർത്തകരെ പ്രസംഗത്തിനിടയിൽ അദ്ദേഹം പരാമർശിച്ചു.
താൻ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ സ്ത്രീകളെല്ലാം ആവേശത്തോടെ കയ്യടിച്ച് സ്വീകരിച്ചു, എന്നാൽ ആ ആവേശം പുരുഷന്മാർക്കിടയിൽ കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാമ്പാടി ബസ്റ്റാൻ്റിൽ ആണ് സമ്മേളനം നടന്നത്.
