ആയുർവേദം പ്രചരിപ്പിക്കന്നതിൽ ഡോ.ഹരീന്ദ്രൻ നായരുടെ സംഭാവന നിസ്തുലം: എ.ജയകുമാർ


പാമ്പാടി : ആയുർവേദം എന്ന ശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും ഡോ.സി.കെ.ഹരീന്ദ്രൻ നായരെ പോലുള്ളവർ വഹിച്ച പങ്ക് നിസ്തുലമാണെന്ന് റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ഘടകം ഉപാധ്യക്ഷൻ എ.ജയകുമാർ പറഞ്ഞു. പ്രശസ്ത ആയുർവേദ ചികിത്സകനായ ഡോ.ഹരീന്ദ്രൻനായരുടെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റി കോട്ടയം താലൂക്ക് ബ്രാഞ്ച് പാമ്പാടിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടുതൽ മരുന്നുകൾ കഴിക്കുന്നത് സ്വന്തം നേട്ടമായി കരുതുന്നതിലേക്കാണ് നമ്മുടെ സമൂഹം പരിണമിക്കുന്നത്. യഥാർഥത്തിൽ മരുന്നുകൾ വേണ്ടാത്ത സമൂഹത്തെയാണ് സൃഷ്ടിക്കേണ്ടത്. രോഗപ്രതിരോധത്തിലൂടെയും ശരിയായ ചികിത്സാ വിധിയിലൂടെയും ആ ലക്ഷ്യത്തിനായി ലോകത്ത് ആശ്രയിക്കാവുന്ന ഏക ശാസ്ത്രം ആയുർവേദമാണെന്ന് ജയകുമാർ പറഞ്ഞു. മറ്റുള്ളവരിലേക്ക് തന്റെ ഊർജം പ്രസരിപ്പിച്ചു കൊണ്ട് ചുറ്റുപാടുമുള്ള സമൂഹത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കാൻ എപ്പോഴും  ശ്രമിച്ച വ്യക്തിയായിരുന്നു ഡോ.ഹരീന്ദ്രൻനായരെയന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച മുൻ എംഎൽഎ ജോസഫ് എം.പുതുശേരി പറഞ്ഞു.

ഡോ.ഹരീന്ദ്രൻനായരുടെ അനുസ്മരണാർഥം നൽകുന്ന കോട്ടയം ജില്ലയിലെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള പുരസ്കാരം ഡോ.ഷേർളി ദിവന്നിക്ക് എ.ജയകുമാർ സമ്മാനിച്ചു.

പാമ്പാടി റെഡ്ക്രോസ് സൈസറ്റി പ്രസിഡന്റ് ഒ.സി.ചാക്കോ അധ്യക്ഷനായിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി.രാമൻ നായർ, പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിജു കെ.ഐസക്,  കെ.എം.രാധാകൃഷ്ണൻ, റജി സഖറിയ, കെ.ആർ.രാജൻ, സണ്ണി പാമ്പാടി, ഷേർളി തര്യൻ, സന്തോഷ് തോമസ് കണ്ടംചിറ, മാത്യു പാമ്പാടി, സി.എച്ച്.അജിത്കുമാർ, സുജിത് നായർ എന്നിവർ പ്രസംഗിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!