തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച പുതിയ നിലപാട് വെറും രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേസിൽ സർക്കാർ യു-ടേൺ അടിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, വിശ്വാസികളെ വേട്ടയാടിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിൽ പോയി പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വെറും ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട്’ മാത്രമാണിത്. 2018-ൽ ഇല്ലാത്ത എന്ത് ബോധോദയമാണ് ഇപ്പോൾ സർക്കാരിന് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മതപണ്ഡിതരുടെ അഭിപ്രായം മാനിക്കണമെന്ന പുതിയ സത്യവാങ്മൂലം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ ഉടനടി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്നും വികസിത രാഷ്ട്രീയം മുന്നോട്ടുവെച്ച് എൻഡിഎ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും.
അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, അങ്ങനെയൊരു പിന്തുണ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എൻഡിഎ കരുത്തുറ്റ സ്ഥാനാർത്ഥികളെ അണിനിരത്തുമെന്നും അദ്ദേഹം മറുപടി നൽകി.
ശബരിമല വിഷയത്തിൽ പണ്ട് വിശ്വാസികളെ തല്ലിച്ചതച്ചവർ ഇപ്പോൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നിലപാട് മാറ്റുന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
