മാനന്തവാടി: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഈ മാസം 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർച്ച് ഒന്നിന് വൈകുന്നേരം 3 മണിക്ക് ഉദ്ഘാടനം നടത്തുമെന്നാണ് പുതിയ അറിയിപ്പ്.
അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയർന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം.
ഉദ്ഘാടന തീയതി മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവിധ വകുപ്പുകള്‍ക്ക് അറിയിപ്പ് ലഭിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്നെ തന്നെ വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നടത്തണമെന്നും സര്‍ക്കാരിന്റെ നേട്ടമായി ഇത് വിലയിരുത്തപ്പെടണ മെന്നൊക്കെയായിരുന്നു തീരുമാനം. അതുകൊണ്ട് തന്നെതാണ് ഫെബ്രുവരി 25 ന് ചടങ്ങ് നിശ്ചയിച്ചതും.
ടൗണ്‍ഷിപ്പില്‍ വീടുകള്‍ അതാത് കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നറുക്കെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടന്നിരുന്നു. ഇതിനിടെയാണ് ഉദ്ഘാടന തീയതി മാറ്റിയത്. അതേസമയം ടൗണ്‍ഷിപ്പിലെക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. അടിസ്ഥാന സൗകര്യമൊരുക്കാന്‍ കുറച്ചു കൂടി സമയം വേണമെന്നാണ് വിശദീകരണം.
