മലയാള സിനിമയുടെ ഫ്രെയ്മില്‍ പകരം വെക്കാനില്ലാത്ത ചിലരുണ്ട്. അസാന്നിധ്യം കൊണ്ട് മൂല്യം കൂട്ടുന്ന ചിലര്‍. അതിലൊരാളാണ് കെപിഎസി ലളിത. മോളിവുഡിന്‍റെ തിരശ്ശീലയില്‍ മായാത്ത അഭിനയമുദ്ര ചാര്‍ത്തിയ അഭിനേത്രിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് നാല് ആണ്ട് തികയുന്നു. ഏത് തരം റോളും, അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും കോമഡി ആണെങ്കിലുമൊക്കെ കണ്ടിരിക്കുമ്പോള്‍ അഭിനയമെന്ന് തോന്നിപ്പിക്കാത്ത സ്വാഭാവികതയുടെ ഒരു മാജിക് ഉണ്ടായിരുന്നു ലളിതയുടെ പ്രകടനങ്ങളില്‍. ശബ്ദം കൊണ്ട് പോലും മലയാളി തിരിച്ചറിയും എന്നതാണ് അവര്‍ അവശേഷിപ്പിച്ച മികവിന്‍റെ അടയാളം.
1947 ൽ കായംകുളം രാമപുരത്ത് ജനിച്ച മഹേശ്വരി നാടകങ്ങളുടെ കരുത്തിൽ കെപിഎസി ലളിതയായി. ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ’ എന്ന പാട്ടിന് ചുവടുവച്ച് തുടങ്ങിയ കലാജീവിതമാണ് അത്. 1969 ല്‍ കെ എസ് സേതുമാധവന്‍റെ കൈ പിടിച്ചാണ് സിനിമയിലേക്ക് എത്തിയത്.
പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വേ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറിനുമൊപ്പം ഒട്ടേറെ ചിത്രങ്ങൾ. പിന്നീട് മലയാള സിനിമയുടെ ഉപ്പെന്ന പോലെ അവഗണിക്കാനാവാത്ത സ്വഭാവ നടിമാരുടെ നിരയിലേക്ക് ലളിത കസേരയിട്ടിരുന്നു. അഞ്ച് പതിറ്റാണ്ട് കൊണ്ട് 600 ല്‍ ഏറെ സിനിമകളിലാണ് കെപിഎസി ലളിത അഭിനയിച്ചത്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ തേടിയെത്തി. നാല് തവണ സംസ്ഥാന പുരസ്‌കാരങ്ങളും.
ബഷീറിന്‍റെ മതിലുകള്‍ സിനിമയാക്കിയപ്പോള്‍ ശബ്ദ സാന്നിധ്യം മാത്രമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരഞ്ഞെടുത്തത് കെപിഎസി ലളിതയെ ആണ് എന്നത് ആ നടിക്ക് ലഭിച്ച വലിയ അംഗീകാരങ്ങളില്‍ ഒന്നായിരുന്നു. ശബ്ദം കൊണ്ട് പോലും സൂക്ഷ്മഭാവങ്ങള്‍ കാണികളിലേക്ക് പകരാനായ അധികം അഭിനേതാക്കള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ത്തന്നെ മലയാള സിനിമ ഉള്ള കാലത്തോളം ഓര്‍മ്മയുടെ തിരശ്ശീലയില്‍ ഈ അഭിനേത്രിക്ക് മരണമില്ല.
