അണ്ണാമലൈ ബിജെപി ചുമതലകള്‍ ഒഴിയുന്നു, നീക്കം പിതാവിന്റെ ആരോഗ്യം ചൂണ്ടിക്കാട്ടി

ചെന്നൈ : ബിജെപി തമിഴ്‌നാട് മുന്‍ പ്രസിഡന്റ് കെ അണ്ണാമലൈ പാര്‍ട്ടി പദവികള്‍ ഒഴിയുന്നു. പിതാവിന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് നീക്കം. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് അണ്ണാമലൈ നിര്‍ണായക ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഒരുങ്ങുന്നത്. നിലവില്‍ സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതല അണ്ണാമലയ്ക്ക് ഉണ്ടായിരുന്നു.

ചൊവ്വാഴ്ച മാധ്യമങ്ങളെ കാണവെ ആയിരുന്നു അണ്ണാമലൈ തീരുമാനം സംബന്ധിച്ച സൂചന നല്‍കിയത്. ‘ചുമതലയില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെ അറിയിച്ചു.’ വിഷയത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.

പിതാവ് ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സയ്ക്ക് വിധേയമാകുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് ഇപ്പോള്‍ സഹായം ആവശ്യമാണ്. തന്റെ യാത്രകൾ ഉള്‍പ്പെടെ പിതാവിന്റെ ചികിത്സയെ ബാധിച്ചേക്കും. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ അസൗകര്യം അറിയിച്ചത്. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുള്ള ഉത്തരവാദിത്തം പുനഃക്രമീകരിക്കു മെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അണ്ണാമലൈ അറിയിച്ചു.

തമിഴ്‌നാട്ടില്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന സിങ്കാനല്ലൂര്‍, വിരുഗമ്പാക്കം (ചെന്നൈ), കാരൈക്കുടി, ശ്രീവൈകുണ്ടം, മധുര (സൗത്ത്), പത്മനാഭപുരം (കന്യാകുമാരി) എന്നീ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയായിരുന്നു അണ്ണാമലൈക്ക് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!