മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി


ന്യൂഡൽഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചാണ് നോട്ടീസ്. കേസിൽ ഇത് അഞ്ചാം തവണയാണ് അരവിന്ദ് കെജ്രിവാളിന് ഇഡി നോട്ടീസ് നൽകുന്നത്.

കേസിൽ ഈ മാസം 18 നായിരുന്നു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി കെജ്രിവാളിന് നോട്ടീസ് നൽകിയത്. എന്നാൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ഗോവയിലേക്ക് പോകണമെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. ഇതോടെയാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മാത്രം അദ്ദേഹത്തിന് മൂന്നാമത്തെ നോട്ടീസ് ആണ് ലഭിക്കുന്നത്.

ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇക്കുറിയും ഹാജരായില്ലെങ്കിൽ കർശന നടപടികളിലേക്ക് ഇഡി കടന്നേക്കും. അതേസമയം ഇഡി രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നാണ് കെജ്രിവാളിന്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത വർഷം. ഈ സാഹചര്യത്തിൽ കേസിൽ വിചാരണയ്ക്ക് വിധേയനാക്കി പ്രതിച്ഛായ തകർക്കാനാണ് ഇഡിയുടെ നീക്കം എന്നാണ് കെജ്രിവാളിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!