കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ…

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരിന്റെ കേന്ദ്ര ബജറ്റ് കേരളത്തിന് സമ്മാനിച്ചത് കടുത്ത നിരാശ. കേരളത്തെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അപൂര്‍വ ധാതു ഇടനാഴിയാണ് ബജറ്റില്‍ സംസ്ഥാനത്തിനുള്ള പ്രധാന പ്രഖ്യാപനം. അതിവേഗ റെയില്‍ പദ്ധതി, എയിംസ്, വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയവയില്‍ കേരളം പ്രതീക്ഷയര്‍പ്പിച്ചെങ്കിലും നിരാശയായി.

കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കേരളത്തിന് ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തൽ.

2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. മൂന്ന് പുതിയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിൽ വന്നേക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബജറ്റിൽ പ്രഖ്യാപനം ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ മറ്റൊരു സ്വപ്‌ന പദ്ധതിയായ അതിവേഗ റെയിൽപാതയ്ക്കും പച്ചക്കൊടി വീശിയില്ല. കേരളത്തിലെ അതിവേഗ പദ്ധതിക്ക് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി ആവശ്യപ്പെട്ടതായി ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!