തോഷഖാന കേസ്; പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യക്കും 14 വർഷം തടവ്

ഇസ്ലാമാബാദ് : തോഷഖാന കേസിൽ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബിബിക്കും 14 വർഷം തടവ് ശിക്ഷ. ഇതോടൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാൻ ഖാന് പത്ത് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. 787 മില്യൺ (പാകിസ്താൻ രൂപ) പിഴയും വിധിച്ചിട്ടുണ്ട്.

പാകിസ്താനിലെ ഭരണാധികാരികൾ, നിയമ നിർമാണ സഭാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് വിദേശ രാജ്യങ്ങളുടെ തലവന്മാർ, ഗവൺമെന്റുകൾ, അന്തർദേശീയ പ്രമുഖർ എന്നിവർ നൽകുന്ന മൂല്യമേറിയ സമ്മാനങ്ങൾ തോഷഖാന വകുപ്പാണ് സൂക്ഷിക്കുന്നത്.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ സ്വന്തം നിലയ്ക്ക് വിറ്റ് പണമാക്കി എന്നതാണ് ഇമ്രാന്റെ പേരിലുള്ള കേസ്. 2022 ഓഗസ്റ്റിൽ മുഹ്സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാകിസ്താൻ സർക്കാരിലെ മറ്റു ചിലരും ചേർന്നാണ് ഇമ്രാനെതിരേ കേസ് ഫയൽ ചെയ്തത്.

2018-ൽ ഇമ്രാൻ ഖാൻ അധികാരത്തിലിരിക്കെ അദ്ദേഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പാകിസ്താന്റെ വിവരാവകാശ നിയമപ്രകാരം ഒരു പത്രപ്രവർത്തകൻ നൽകിയ അപേക്ഷയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയതിന് ഇമ്രാൻ ഖാനെയും പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയെയും ഔദ്യോഗിക രഹസ്യ നിയമപ്രകാരം പാകിസ്താൻ പ്രത്യേക കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തോഷാഖാന കേസിൽ വിധി വരുന്നത്.

വാഷിംഗ്ടണിലെ പാക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇമ്രാൻ ഖാനും ഖുറേഷിയും അറസ്റ്റിലായത്. വിചാരണ പൂർത്തിയായത് ജയിലിൽ വച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!