ന്യൂയോര്‍ക്ക്: മൈക്രോവെയ്വ് ഓവനില്‍ ഭക്ഷണം ചൂടാക്കിയപ്പോള്‍ ഉയര്‍ന്ന ഗന്ധത്തിന്റെ പേരില്‍ വംശീയ അധിക്ഷേം നേരിട്ടെന്ന പരാതിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം. ഇന്ത്യന്‍ വിദ്യാര്‍ഥികളായ ആദിത്യ പ്രകാശ് (34), പങ്കാളി ഉര്‍മി ഭട്ടാചാര്യ (35) എന്നിവര്‍ക്കാണ് ബൗള്‍ഡറിലെ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയത്. ഭക്ഷണത്തിന് എതിരായ പ്രതിഷേധം വംശീയ വിദ്വേഷമാണെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
2023 സെപ്റ്റംബര്‍ 5നായി സംഭവങ്ങളുടെ തുടക്കം. ആദിത്യ പ്രകാശ് മൈക്രോവെയ്വില്‍ പാലക് പനീര്‍ ചൂടാക്കിയപ്പോള്‍ ഉണ്ടായ ഗന്ധത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഒരു സ്റ്റാഫ് അംഗമാണ് ആദ്യം എതിര്‍പ്പുയര്‍ത്തിയത്. മൈക്രോവെയ്വ് ഉപയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പരാതി ഉയര്‍ത്തിയത്. സംഭവത്തിന് പിന്നാലെ തങ്ങള്‍ക്കെതിരെ വിദ്വേഷ, പ്രതികാര നടപടികളും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയ്ക്കെതിരെ ഇവര്‍ കേസ് ഫയല്‍ ചെയ്തത്. തങ്ങള്‍ക്ക് ഇരുവര്‍ക്കും മാസ്റ്റേഴ്സ് ഡിഗ്രികള്‍ നല്‍കാന്‍ ആന്ത്രപ്പോളജി വകുപ്പ് വിസമ്മതിച്ചെന്നും പ്രകാശ് ബിബിസിയോട് പ്രതികരിച്ചു. ഈ പരാതിയാണ് സര്‍വകലാശാലയില്‍ നിന്ന് 200,000 ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചതോടെ അവസാനിച്ചത്.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചതോടെ ഇരുവരുടെയും നിയമ പോരാട്ടം ‘ഭക്ഷ്യ വംശീയത’യെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. പരമ്പരാഗത ഭക്ഷണരീതിയുടെ പേരില്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് ആഗോളതലത്തില്‍ ചര്‍ച്ചയ്ക്കും സംഭവം തുടക്കമിട്ടു, ആയിരക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയത്.
നഷ്ടപരിഹാരം അനുവദിച്ചപ്പോഴും വിദ്യാര്‍ഥികള്‍ക്ക് എതിരെ ഉണ്ടായ പ്രതിഷേധത്തില്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക് പങ്കില്ലെന്ന് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. എന്നാല്‍ ഇരുവര്‍ക്കും ഇനി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നല്‍കില്ലെന്ന വ്യവസ്ഥയോടെയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. നിയമപോരാട്ടത്തില്‍ വിജയിച്ചെങ്കിലും ദമ്പതികളുടെ ഗവേഷണ ഫണ്ടിംഗ്, അധ്യാപന അവസരങ്ങള്‍, പിഎച്ച്ഡി ഗൈഡുകള്‍ എന്നിവയും നഷ്ടപ്പെട്ടു.
