മുംബൈ: വനിതാ പ്രീമിയിര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയക്കുതിപ്പ് തുടരുന്നു. തുടരെ അഞ്ചാം പോരാട്ടവും അവര്‍ വിജയിച്ചു കയറി. ഗുജറാത്ത് ജയന്റ്‌സിനെ 61 റണ്‍സിനാണ് അഞ്ചാം പോരില്‍ അവര്‍ തകര്‍ത്തത്. തുടർ ജയത്തോടെ ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായും ആർസിബി മാറി.
ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഗുജറാത്തിന്റെ പോരാട്ടം 8 വിക്കറ്റിനു 117 റണ്‍സില്‍ അവസാനിച്ചു.
വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് തുടക്കത്തില്‍ തന്നെ തകര്‍ന്നു. 3 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ അവര്‍ പൊടുന്നനെ തകര്‍ന്നു. 4 റണ്‍സില്‍ രണ്ടാം വിക്കറ്റും 5 റണ്‍സില്‍ മൂന്നാം വിക്കറ്റും അവര്‍ക്ക് നഷ്ടപ്പെട്ടു. പിന്നീട് 97 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റുകളും ഗുജറാത്തിനു നഷ്ടമായി.
ക്യാപ്റ്റന്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് സ്‌കോര്‍ 100ന് അടുത്തെത്തിച്ചത്. താരം അര്‍ധ സെഞ്ച്വറി നേടി. 43 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം ആഷ്‌ലി 54 റണ്‍സ് വാരി. മറ്റാരും കാര്യമായൊരു സംഭാവനയും നല്‍കിയില്ല. അനുഷ്‌ക ശര്‍മ (18), ഭാരതി ഫൂല്‍മാലി (14), തനുജ കന്‍വാര്‍ (പുറത്താകാതെ 11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ആര്‍സിബിക്കായി സയ്യാലി സദ്ഗിരെ 3 വിക്കറ്റുകള്‍ വീഴ്ത്തി. നദീന്‍ ഡി ക്ലാര്‍ക് 2 വിക്കറ്റെടുത്തു. ലോറന്‍ ബെല്‍, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ഗൗതമി നായിക് നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ആര്‍സിബി പൊരുതാവുന്ന സ്‌കോറിലെത്തിയത്. താരം 55 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം താരം 73 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സ്മൃതി മന്ധാന (26), റിച്ച ഘോഷ് (27), രാധ യാദവ് (8 പന്തില്‍ 17) എന്നിവരും തിളങ്ങി. റിച്ച മൂന്ന് സിക്‌സുകള്‍ തൂക്കി. രാധ രണ്ട് ഫോറും ഒരു സിക്‌സും സഹിതമാണ് അതിവേഗം 17 റണ്‍സ് സ്‌കോര്‍ ചെയ്തത്.
ഗുജറാത്തിനായി കഷ്‌വി ഗൗതം, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. രേണുക സിങ്, സോഫി ഡിവൈന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
