ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ലഖ്‌നൗവില്‍ വൈകീട്ട് ഏഴിനാണ് മത്സരം. 5 മത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും. അതേസമയം വിജയത്തോടെ തിരിച്ചുവരാനാണ് പ്രോട്ടീസ് ശ്രമം.
ടി 20 ലോകകപ്പ് ആസന്നമായിരിക്കെ, നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങില്‍ ഫോം ഔട്ടായി തുടരുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയായിട്ടുണ്ട്. 118 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മൂന്നാം മത്സരത്തിലും സൂര്യയ്ക്ക് മികച്ച സ്‌കോര്‍ നേടാനായില്ല. 12 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്.
ഈ വര്‍ഷം ടി 20യില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും സൂര്യകുമാര്‍ യാദവ് നേടിയിട്ടില്ല. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ബാറ്റിങ്ങില്‍ മോശം ഫോം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ 28 റണ്‍സ് ഗില്‍ നേടി. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്ത് അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് സൂര്യയും ഗില്ലും തുടര്‍ച്ചയായി പരാജയപ്പെടുന്നത്.
സ്പിന്നര്‍ കുല്‍ദീപ് യാദവിനും പേസര്‍ ഹര്‍ഷിത് റാണയ്ക്കും മൂന്നാം മത്സരത്തില്‍ അവസരം നല്‍കിയിരുന്നു. അസുഖബാധിതനായ ഓള്‍റൗണ്‍ര്‍ അക്ഷര്‍ പട്ടേലിനു പകരം ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര പരാജയപ്പെട്ടിരുന്നു.
