ലോകകപ്പില്‍ ദസുന്‍ ഷനക ശ്രീലങ്കയെ നയിക്കും; പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു

കൊളംബോ: ടി20 ലോകകപ്പ് പോരാട്ടത്തിനുള്ള ശ്രീലങ്കയുടെ 25 അംഗ പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു. ദസുന്‍ ഷനക ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തിയതയാണ് സവിശേഷത. ചരിത് അസലങ്കയെ മാറ്റിയാണ് ഷനക വീണ്ടും നായക സ്ഥാനത്തെത്തുന്നത്. ഇന്ത്യയ്‌ക്കൊപ്പം സഹ ആതിഥേയരാണ് ശ്രീലങ്കയും.

ക്യാപ്റ്റന്‍ സ്ഥാനം അസലങ്കയുടെ ബാറ്റിങ് ഫോമിനെ കാര്യമായി ഉലച്ചത് ചൂണ്ടിക്കാട്ടിയാണ് സ്ഥാനത്തു നിന്നു മാറ്റിയത്. ഷനകയാകട്ടെ നേരത്തെ മൂന്ന് ടി20 ലോകകപ്പുകളില്‍ ടീമിനെ നയിച്ച് പരിചയമുള്ള താരമാണ്. വരാനിരിക്കുന്ന പാകിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ പരമ്പരകള്‍ ലോകകപ്പിനു മുന്‍പ് ബാറ്റിങ് ഫോം വീണ്ടെടുക്കാന്‍ അസലങ്കയ്ക്ക് തുണയാകുമെന്നും അതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ ഭാരം താരത്തില്‍ നിന്നു ഒഴിവാക്കുകയാണെന്നും സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയെങ്കിലും അസലങ്കയെ സ്‌പെഷലിസ്റ്റ് ബാറ്ററായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, സിംബാബ്‌വെ, ഒമാന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ശ്രീലങ്ക. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. ശ്രീലങ്കയുടെ ആദ്യ പോരാട്ടം അയര്‍ലന്‍ഡുമായി ഫെബ്രുവരി എട്ടിനാണ്.

ശ്രീലങ്ക പ്രാഥമിക സംഘം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, കാമില്‍ മിഷാര, കുശാല്‍ പെരേര, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്‌വെല്ല, ജനിത് ലിയാംഗെ, ചരിത് അസലങ്ക, കാമിന്ദു മെന്‍ഡിസ്, പവന്‍ രത്‌നായകെ, സഹന്‍ ആര്‍ച്ചിഗെ, വാനിന്ദു ഹസരങ്ക, ദുനിത് വെള്ളാലഗെ, മിലാന്‍ രത്‌നായകെ, നുവാന്‍ തുഷാര, ഇഷാന്‍ മലിംഗ, ദുഷ്മന്ത ചമീര, പ്രമോദ് മദുഷന്‍, മതീഷ പതിരന, ദില്‍ഷന്‍ മദുഷങ്ക, മഹീഷ് തീക്ഷണ, ദസുന്‍ ഹേമന്ത, വിജയകാന്ത് വ്യാസ്‌കന്ത്, ട്രവീന്‍ മാത്യു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!