കോട്ടയം : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുഗൻ ഇന്ന് കോട്ടയത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ സന്ദർശിച്ചു. വിദ്യാർത്ഥികളുമായി നടന്ന ആശയവിനിമയത്തിനിടെ, മാധ്യമപ്രവർത്തനത്തിലെ അവരുടെ താൽപ്പര്യ മേഖലകളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കണ്ടൻ്റ് ക്രിയേറ്റർമാർ എന്ന നിലയിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞ കേന്ദ്ര സഹമന്ത്രി, വേവ്സ്, ഇന്റർനാഷ ണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ തുടങ്ങിയ സംരംഭങ്ങളിലെ അവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

മാധ്യമങ്ങളുടെയും ആശയവിനിമയത്തിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപ്തി എടുത്തുകാണിച്ചുകൊണ്ട്, അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ആനിമേഷൻ, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ മേഖല പിന്തുടരാനാകുമെന്ന് ഡോ. മുരുഗൻ പറഞ്ഞു. ഇന്ത്യ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്കുള്ള ഒരു ആഗോള കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ടെന്നും, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ ഹോളിവുഡ് സിനിമകളുടെ പോസ്റ്റ്-പ്രൊഡക്ഷന്റെ ഗണ്യമായ ഭാഗം കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനത്തെക്കുറിച്ച് പരാമർശിക്കവേ, ഇന്നത്തെ ഓരോ വ്യക്തിക്കും ഒരു ക്രിയേറ്ററാകാനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവന നൽകാനുമുള്ള കഴിവുണ്ടെന്ന് കേന്ദ്ര സഹമന്ത്രി പരാമർശിച്ചു. മാധ്യമ മേഖലയിൽ വിജയകരമായ കരിയർ രൂപപ്പെടുത്തുന്നതിൽ ഐഐഎംസി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് ഐഐഎംസിയുടെ ഒരു മുൻനിര സംരംഭമായ കോം-മ്യൂസിയം ഡോ. മുരുഗൻ സന്ദർശിച്ചു. ആശയവിനിമയത്തിന്റെയും മാധ്യമങ്ങളുടെയും ചരിത്രവും പരിണാമവും ഇത് സംക്ഷിപ്തമായി വിവരിക്കുന്നു. ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പെയ്‌നിന്റെ ഭാഗമായി കേന്ദ്ര സഹമന്ത്രി ക്യാമ്പസ് പരിസരത്ത് ഒരു വൃക്ഷത്തൈ നട്ടു.
