ഇൻഡോർ ദുരന്തം: മുഖ്യമന്ത്രിയിൽ നിന്നടക്കം വിവരങ്ങൾ തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഇൻഡോർ ദുരന്തത്തിൽ വിവരങ്ങൾ തേടി കേന്ദ്രസർക്കാർ. ആരോഗ്യ മന്ത്രാലയത്തിൽനിന്ന് മുഖ്യമന്ത്രിയിൽ നിന്നടക്കം വിവരങ്ങൾ തേടി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.

മരണം 15 ആയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് പേർ ആശുപത്രിയിൽ കഴിയവേ മുഖ്യമന്ത്രി മോഹൻ യാദവ് വിവാഹാഘോഷത്തിൽ പങ്കെടുത്തത് വിവാദമായി. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി കണക്കാക്കുന്ന ഇൻഡോറിലുണ്ടായ ദുരന്തം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചർച്ചയാണ്.

മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാഭാരതിയടക്കം നടന്നത് മഹാപാപമാണെന്ന് തുറന്നടിച്ചു. ഇതിൽ പാർട്ടിയിലെ ചില നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. ഇതിനിടെയാണ് കേന്ദ്രസർക്കാരിന്‍റെ ഇടപെടല്‍. ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള സംഘമാണ് സാഹചര്യം വിലയിരുത്തിയത്. മുഖ്യമന്ത്രി മോഹൻ യാദവിൽ നിന്നടക്കം വിവരങ്ങൾ തേടി. ഉദ്യോഗസ്ഥ സംഘം വൈകാതെ ഇൻഡോറിലേക്ക് പോകും.

ദേശീയ മനുഷ്യാവകാശ കമ്മീഷനും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തേടിയത്. മധ്യപ്രദേശ് ചീഫ് സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയത്. മരണ സംഖ്യ സംബന്ധിച്ച് ഇതുവരെ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. മരണസംഖ്യ 15 ആയി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും പത്ത് മരണമാണെന്നാണ് സർക്കാർ കണക്ക്. അതിനിടെ നൂറുകണക്കിനുപേർ ആശുപത്രിയിൽ മലിനജലം കുടിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുമ്പോഴാണ് ഇന്നലെ നാഗ്ദയിലെ ബിജെപി ജില്ലാ അധ്യക്ഷന്റെ മകന്റെ വിവാഹാഘോഷത്തിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

അതേസമയം പ്രതിപക്ഷം സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ചിലയിടത്ത് പൊലീസുമായി സംഘർഷമുണ്ടായി. മരിച്ചവരുടെ എണ്ണം സർക്കാർ മറച്ചുവെക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!