ആലപ്പുഴ/കൊല്ലം : വിദ്യാർത്ഥിനി എന്ന വ്യാജേന വിളിച്ച് പിആർ ഏജൻസി സർവെ. നിയമസഭാ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികൾക്കായി സ്ഥാനാർത്ഥി സാധ്യത തേടിയാണ് പിആർ ഏജൻസികൾ സർവേ നടത്തുന്നത്.
പൊളിറ്റിക്കൽ സയൻസ് അവസാന വർഷ വിദ്യാർത്ഥിയാണെന്നും സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് ഒരു പ്രൊജക്ട് ചെയ്യുന്നുണ്ടെന്നും അതിന്റെ ഭാഗമായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചില വിവരങ്ങൾ ശേഖരിക്കാനാണ് വിളിച്ചതെന്നും പിആർ ഏജൻസിയിൽ നിന്നുള്ള പെൺകുട്ടി ഒറ്റശ്വാസത്തിൽ പറയുന്നു. ചെങ്ങന്നൂർ, ഹരിപ്പാട്, കായംകുളം, കുട്ടനാട് മണ്ഡലങ്ങളിലാണ് ഏജൻസികൾ വിളിച്ച് വിവരങ്ങൾ തേടുന്നത്.
മന്ത്രി സജി ചെറിയാൻ, അബിൻ വർക്കി, അച്ചു ഉമ്മൻ, എം.ടി രമേശ് തുടങ്ങിയവരുടെ പേരുകളാണ് പെൺകുട്ടി പറയുന്നത്. ഇവരിൽ ആരുടെയൊക്കെ പേരുകൾ കേട്ടിട്ടുണ്ടെന്ന് പറയാനാണ് ബിഎൽഒയോട് ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്നും 2021ൽ ആർക്കാണ് വോട്ട് ചെയ്യുന്നതെന്നും പിആർ ഏജൻസി പ്രതിനിധി ചോദിക്കുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർക്കാണ് വോട്ട് ചെയ്തതെന്നും ചോദിക്കുന്ന പെൺകുട്ടി, ബിഎൽഒയുടെ ജാതി/സമുദായം ഏതാണെന്നും ചോദിക്കുന്നുണ്ട്. പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ ബിൽഒ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ചോദ്യങ്ങൾക്കൊക്കെ വളരെ രസകരമായ രീതിയിലാണ് അദ്ദേഹത്തിന്റെ മറുപടികൾ.
