പ്രശസ്ത കലാ സംവിധായകന്‍ കെ ശേഖര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും രൂപകൽപ്പകനുമായിരുന്ന കെ. ശേഖർ (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്ത’ൻ്റെ കലാ സംവിധായകനായിരുന്നു ശേഖർ. ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനരംഗത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി ഒരുക്കിയത് ശേഖറാണ്.

1979-ൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഖർ, ജിജോ സംവിധാനം ചെയ്ത, മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം ‘പടയോട്ട’ത്തിന്റെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനറായിക്കൊണ്ടാണ് സിനിമാലോകത്തെത്തുന്നത്. ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ചാണക്യൻ, ഒന്നുമുതൽ പൂജ്യം വരെ, ദൂരദർശനിൽ ഞായറാഴ്ചകളിൽ സംപ്രേഷണം ചെയ്തിരുന്ന ഹിന്ദി സീരിയൽ ബൈബിൾ കീ കഹാനിയാം എന്നിവയുടെ കലാസംവിധായകനായി രുന്നു അദ്ദേഹം. ചെന്നൈയിലെ കിഷ്‌കിന്ധ അമ്യൂസ്‌മെന്റ് പാർക്കിന്റെ രൂപകൽപ്പനയി ൽ ശേഖർ പങ്കാളിയായിരുന്നു.

കൊമേഴ്‌സ് അധ്യാപികയായിരുന്ന ജയന്തി ശേഖറാണ് ഭാര്യ. ശനിയാഴ്ച വൈകീട്ട് നലര വരെ സ്റ്റ്യാച്യൂ ജങ്ഷനിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച  മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!