കോട്ടയം: ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് പരേഡില്‍ കരുത്ത്കാട്ടി മറ്റക്കര കരിമാങ്കുഴിയില്‍ കെ.എസ്. വിദ്യ. ആദ്യമായാണ് ബിഎസ്എഫില്‍ നിന്നുള്ള വനിതകള്‍ക്ക് ഒട്ടകപ്പുറത്തേറി റിപ്പബ്ലിക്ക് പരേഡില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.
അയര്‍ക്കുന്നം മറ്റക്കര കരിമാങ്കുഴിയില്‍ ശശിയുടെയും ശോഭനയുടെയും മകളാണ് വിദ്യ. നാല് മാസത്തെ കഠിനമായ പരിശീലനത്തിനൊടുവിലാണ് റിപ്പബ്ലിക്ക് പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വിദ്യയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചതെന്ന് സഹോദരി ധന്യ പറഞ്ഞു.
ബിഎസ്എഫ് പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് 146-ാം ബറ്റാലിയന്‍ അംഗമാണ് വിദ്യ. 2021ലാണ് വിദ്യ ജോലിയില്‍ പ്രവേശിച്ചത്. ളാക്കാട്ടൂര്‍ എംജിഎം എച്ച്എസ്എസിലും തുടര്‍ന്ന് പാലാ അല്‍ഫോണ്‍സാ കോളജിലും പഠിച്ച വിദ്യയ്ക്ക് ചെറുപ്പം മുതല്‍ തന്നെ സെക്യൂരിറ്റി ഫോഴ്‌സുകളോടായിരുന്നു താല്‍പര്യമെന്നും സഹോദരി പറഞ്ഞു. വിദ്യയ്‌ക്കൊപ്പം കോഴിക്കോട് സ്വദേശി കീര്‍ത്തന, ആലപ്പുഴക്കാരി എം. അനീഷ്യ, കൊല്ലം സ്വദേശി ബി.ആര്‍. രഞ്ജിനി എന്നിവരും പരേഡിന്റെ ഭാഗമായി.