വാളയാര്‍ ആള്‍ക്കൂട്ടക്കൊല: നഷ്ടപരിഹാരത്തില്‍ അനിശ്ചിതത്വം, മന്ത്രി കെ രാജൻ ഇന്ന് രാം നാരായണന്റെ കുടുംബത്തെ കാണും

പാലക്കാട് : ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി വാളയാര്‍ അട്ടപ്പളത്ത് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെ ആവശ്യങ്ങളില്‍ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം ഏറ്റുവാങ്ങണമെങ്കില്‍ ധനസഹായം വേണമെന്ന് കുടുംബം നിലപാട് എടുത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ റവന്യൂമന്ത്രി കെ രാജന്‍ ഉന്ന് രാം നാരായണന്റെ കുടുംബവുമായി ചര്‍ച്ച നടത്തും. 

കുടുംബത്തിന്റെ അത്താണിയാണ് രാം നാരായണന്‍, മരണത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണം എന്നുള്‍പ്പെടെയാണ് ബന്ധുക്കളുടെ ആവശ്യം. കേസില്‍ ആള്‍ക്കൂട്ടക്കൊലപാതകം, എസ്.സി-എസ്.ടി പീഡന നിരോധന നിയമം എന്നിവ ഉള്‍പ്പെടുത്താനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും നിലവില്‍ ധാരണയായിട്ടുണ്ട്. എ.ഡി.എമ്മുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് ഈ വിഷയങ്ങളില്‍ തീരുമാനം ആയത്. എന്നാല്‍ ധനസഹായ വിഷയത്തില്‍ തീരുമാനമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

  ഞായറാഴ്ച രാത്രി പാലക്കാട് ആര്‍.ഡി.ഒ മണികണ്ഠന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി കുടുംബാംഗങ്ങളുമായും ജസ്റ്റിസ് ഫോര്‍ രാം നാരായണ്‍ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. പത്തു ലക്ഷത്തില്‍ കുറയാത്ത തുക സാമ്പത്തിക സഹായം അടിയന്തരമായി അനുവദിക്കണമെന്നാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യം. എന്നാല്‍ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിലേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അത് ശുപാര്‍ശ ചെയ്യാമെന്നും പാലക്കാട് ജില്ല കളക്ടര്‍ ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്.

അതേസമയം, അടിയന്തര സഹായം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം തുടരുകയാണ് രാം നാരായണന്റെ കുടുംബം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലും ആശയകുഴപ്പം നിലനില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!