കേരളത്തിലേത് മികച്ച പൊലീസ് സേന; എസ്എഫ്ഐ ക്കാർ തെമ്മാടികളെന്ന് ഗവർണർ


തിരുവനന്തപുരം: കേരള പൊലീസിനെ രാഷ്ട്രീയമായി നിയന്ത്രിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയാണ് അതുവഴി പോയിരുന്നതെങ്കിൽ 22 പേർക്ക് പ്രതിഷേധിക്കാൻ സാധിക്കുമായിരുന്നോ എന്ന് ഗവർണർ ചോദിച്ചു. പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നാണ് കേരള പൊലീസ്. രാഷ്ട്രീയ ഇടപെടലിന് മാത്രമേ അവരെ തടയാൻ കഴിയൂ. നൂറിലധികം പൊലീസുകാർക്ക് 22 പ്രതിഷേധക്കാരെ തടയാൻ കഴിഞ്ഞില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

തന്റെ കാർ ആക്രമിച്ചിട്ട് പോലും പൊലീസ് ഒന്നും ചെയ്തില്ല. എന്തോ കാറിന്റെ ചില്ലിൽ തട്ടിയപ്പോൾ മാത്രമാണ് താൻ പുറത്തിറങ്ങിയത്. അതുകൊണ്ട് മാത്രമാണ് പൊലീസ് നടപടിയെടുത്തതെന്നും ഗവർണർ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയാണ് അവിടെ ഉണ്ടായിരുന്നതെങ്കിൽ അവരിത് അനുവദിക്കുമായിരുന്നോ? അധികാരം തലയ്ക്ക് പിടിക്കുമ്പോൾ നിയമത്തിനും മുകളിലാണെന്ന് കരുതും. എന്റെ സ്റ്റാറ്റ്യൂട്ടറി പദവിയിൽ ഇടപെടാൻ എസ്എഫ്ഐ ശ്രമിക്കുന്നു. ആർക്കും അതിനുള്ള അവകാശമില്ല. സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണിതെന്ന് ഗവർണർ പറയുന്നു.

പ്രതിഷേധിക്കുന്ന എസ്എഫ്ഐക്കാർ തെമ്മാടികളാണെന്നും ഗവർണർ പറഞ്ഞു. സുരക്ഷ വേണമെന്ന് എവിടെയും ആവശ്യപ്പെട്ടിട്ടില്ല. മർദനമുണ്ടായാൽ അതും നേരിടാൻ തയാറാണ്. സുരക്ഷ വർധിപ്പിച്ചത് കേന്ദ്ര സർക്കാരിന്റെ മാത്രം തീരുമാനമാണെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!