സ്ത്രീകള്‍ക്ക് പകുതിവിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; സൂത്രധാരൻ പിടിയിൽ

മൂവാറ്റുപുഴ : സ്ത്രീകള്‍ക്ക് പകുതിവിലക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. സംഭവത്തിലെ മുഖ്യ സൂത്രധാരൻ ഇടുക്കി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ(26) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തുടനീളം 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരില്‍ പിരിച്ചുവെന്നാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ 1200 സ്ത്രീകളാണ് തട്ടിപ്പിനിരയായതായി പരാതി നല്‍കിയത്.

വുമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ സ്ത്രീകള്‍ക്ക് ടൂവീലറുകള്‍ പകുതി വിലക്ക് നല്‍കുമെന്നും ബാക്കി പണം കേന്ദ്രസർക്കാർ സഹായമായും വലിയ കമ്ബനികളുടേതടക്കം സി.എസ്.ആർ ഫണ്ടായി ലഭിക്കുമെന്നുമാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. പണം അടച്ചാല്‍ 45 ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

ടൂവീലറുകള്‍ക്ക് പുറമേ തയ്യല്‍ മെഷീൻ, ലാപ്ടോപ്പ് തുടങ്ങിയവയും നല്‍കുമെന്ന് പറഞ്ഞ് സമാനമായ രീതിയില്‍ വൻ തട്ടിപ്പാണ് നടത്തിയത്. ഇവയുടെ വിതരണോത്ഘാടനത്തിനായി പല പ്രമുഖരേയും എത്തിച്ചും രാഷ്ട്രീയ നേതാക്കളെ പദ്ധതിയുടെ പിന്നണിക്കാരായി കാണിച്ചും വിശാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്.

പണം അടച്ച്‌ 45 ദിവസം കഴിഞ്ഞ് അന്വേഷിക്കാനെത്തിയവരോട് കുറച്ച്‌ ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നാണ് പറഞ്ഞത്. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം കിട്ടാതായതോടെയാണ് സ്ത്രീകള്‍ പരാതിയുമായി എത്തിയത്. അതേസമയം അറസ്റ്റിലായ മുഖ്യ സൂത്രധാരൻ അനന്തു കൃഷ്ണന് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.

ചെയിൻ രീതിയിലാണ് വ്യാപക തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. അനന്തു കൃഷ്ണന്റെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം സ്ത്രീകള്‍ അയച്ചത്. അതേസമയം ഇയാള്‍ 2019-ല്‍ മറ്റൊരു സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത ശേഷമാണ് പുതിയ തട്ടിപ്പ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!