കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുതിർന്ന വൈദികൻ കെ വി ജോസഫ് റമ്പാൻ (90) അന്തരിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങളായി പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ യാണ് അന്ത്യം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ്.
കളപ്പുരയ്ക്കൽ ജോസഫ് വർഗീസിന്റെയും അന്നാമ്മയുടെയും മകനായി 1935 ഏപ്രിൽ 7ന് ജനിച്ചു. മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി അംഗം, എം.ഒ.സി കോളജ് ഗവേർണിംഗ് ബോർഡ് അംഗം, പരുമല സെമിനാരി കൗൺസിൽ അംഗം, കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, ദേവലോകം അരമന മാനേജർ, പഴയ സെമിനാരി അസിസ്റ്റന്റ് മാനേജർ, പരിശുദ്ധ ഔഗേൻ ബാവായുടെ സെക്രട്ടറി, പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ഓഫീസ് സെക്രട്ടറി, കോട്ടയം മാർ ഏലിയ കത്തീഡ്രൽ വികാരി, എം.ഡി സെമിനാരി മാനേജർ, പഴയ സെമിനാരി മാനേജർ, പരുമല സെമിനാരി അസിസ്റ്റന്റ് മാനേജർ തുടങ്ങി മലങ്കരസഭയിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിരുന്നു.
കൂടാതെ കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായും വന്ദ്യ റമ്പാച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
