കൊച്ചി: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍. രാഹുലിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു.
പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചിരുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹര്‍ജിയിലെ സര്‍ക്കാര്‍ വാദം.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് രാഹുലിന് കോടതി ജാമ്യമനുവദിച്ചിരുന്നത്. 15ാം തീയതി രാഹുലിന്റെ കേസില്‍ കോടതി വിശദ വാദം കേള്‍ക്കാനിരിക്കയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
